ഉത്തര്‍പ്രദേശ്: ഫിറോസാബാദില്‍ സര്‍ക്കാര്‍ സ്‌ക്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബം. പരാതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനയച്ച് പൊലീസ്. സഹപാഠികളില്‍ നിന്ന് മര്‍ദനമേറ്റതാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ ആരോപണം.
വിഷയത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം പൊലീസില്‍ പരാതി നലകി. കൃഷ്‌ണപൂരിലെ സര്‍ക്കാര്‍ സ്‌ക്കൂളിലെ രണ്ടാം ക്ലാസുകാരനാണ് ഇന്നലെ ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചത്. തിങ്കളാഴ്‌ച സ്‌കൂളില്‍ വച്ച് ശാരീരാകാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടന്ന് ആശുപത്രിയിലെത്തിച്ച കുട്ടി ചികിത്സക്കിടെ മരിക്കുകയായിരുന്നു.
തിങ്കളാഴ്‌ച കുട്ടിക്ക് സഹപാഠികളില്‍ നിന്ന് മര്‍ദ്ദനമേറ്റിട്ടുണ്ടെന്നും അതേ തുടര്‍ന്നാണ് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായതെന്നുമാണ് കുടുംബത്തിന്‍റെ ആരോപണം. അതേസമയം വിഷയത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമെ നടപടിയെടുക്കാനാകൂവെന്ന് ഷിക്കോഹാബാദ് പൊലീസ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ഹർവേന്ദ്ര മിശ്ര പറഞ്ഞു.
സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്‌കൂളിന് പുറത്ത് വച്ച് സംഭവിച്ചതാണെങ്കില്‍ അതിനെ കുറിച്ച് അറിയില്ലെന്നും സ്‌കൂൾ പ്രിൻസിപ്പൽ മഞ്ജു യാദവ് പറഞ്ഞു.