തൃശൂര്‍: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണ റിമാൻഡിൽ. തൃശൂർ ജില്ല അഡീഷണൽ സെഷൻസ് കോടതിയാണ് പ്രവീണ്‍ റാണയെ ഈ മാസം 27 വരെ റിമാൻഡ് ചെയ്‌തത്. രണ്ട് ദിവസത്തിനകം കസ്‌റ്റഡി അപേക്ഷ നൽകാനാണ് പൊലീസ് നീക്കം.
തൃശൂര്‍ പീച്ചി സ്വദേശി ഹണി തോമസിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് തൃശൂർ അഡീഷണൽ സെഷൻസ് കോടതി പ്രവീൺ റാണയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. ഇയാൾക്കെതിരെ 34 പരാതികളാണ് ഇതുവരെ വിവിധ സ്‌റ്റേഷനുകളിലായി ലഭിച്ചിട്ടുള്ളത്. വഞ്ചനാകുറ്റത്തിനൊപ്പം ചട്ടവിരുദ്ധ നിക്ഷേപം തടയൽ നിയമവും ചുമത്തിയാണ് കേസ്. പൊലീസിനെതിരെ പരാതിയില്ലെന്ന് കോടതിയിൽ പ്രവീൺ റാണ പറഞ്ഞു.
വിടാതെ പൂട്ടാനൊരുങ്ങി പൊലീസ്: പ്രവീണ്‍ റാണയുടെ തട്ടിപ്പിന്‍റെ വ്യാപ്‌തി എത്രത്തോളമുണ്ടെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സങ്കീര്‍ണമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അങ്കിത് അശോക് വ്യക്തമാക്കി. തൃശൂര്‍ സേഫ് ആന്‍ഡ് സ്ട്രോങ്ങ് തട്ടിപ്പില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ നീക്കം.
പ്രവീണിന്‍റെ ബിസിനസ് പങ്കാളി കണ്ണൂര്‍ സ്വദേശി ഷൗക്കത്ത് ഉള്‍പ്പടെയുള്ളവര്‍ക്ക് ഇതിനായി നോട്ടീസ് നൽകും. പ്രവീണിന് ഷൗക്കത്തുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ വിവരങ്ങള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് നീക്കം. മാത്രമല്ല പതിനാറ് കോടിയോളം രൂപ ഷൗക്കത്തിന് നൽകിയതായി പ്രവീണ്‍ റാണയുടെ മൊഴിയുണ്ട്.