തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും 88,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. തിരുവനന്തപുരം കുന്നുകുഴി സ്വദേശി അരുണിനെയാണ് (28) പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. ഗുണ്ടു അരുൺ എന്നറിയപ്പെടുന്ന ഇയാൾ പതിനേഴോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
Also Read: സ്വിഗി ഡെലിവറി ബോയ്‌സ് എന്ന വ്യാജേന ലഹരി മരുന്ന് കടത്ത്; മൂന്ന് പേർ പിടിയിൽ
ഇന്ത്യൻ ശിക്ഷ നിയമ പ്രകാരവും, പോക്‌സോ, ജുവനൈൽ നിയമ പ്രകാരവുമാണ് ജഡ്‌ജി ആർ. ജയകൃഷ്‌ണൻ ശിക്ഷ വിധിച്ചത്. പ്രതിയിൽ നിന്നും ലഭിക്കുന്ന പിഴത്തുക പീഡന ശ്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് നൽകാൻ സർക്കാറിനോട് നിർദ്ദേശിക്കാനും കോടതി ഉത്തരവിൽ പറയുന്നു.
2019 മെയ് രണ്ടിനാണ് കേസിനാസ്‌പദമായ സംഭവം. പ്രതിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് പീഡന ശ്രമത്തിന് ഇരയായ പെണ്‍കുട്ടി. അമ്മ വീട്ടുജോലിക്ക് പോയാണ് പെണ്‍കുട്ടിയുടെ കുടുംബം ജീവിക്കുന്നത്. സംഭവ ദിവസം മദ്യലഹരിയിൽ ഇവരുടെ വീട്ടിലെത്തിയ അരുൺ പെണ്‍കുട്ടിയെ ഉപദ്രവിക്കുവാൻ ശ്രമിക്കുകയായിരുന്നു. ഇതേ തുടർന്ന് പെണ്‍കുട്ടിയുടെ അനുജൻ ബഹളമുണ്ടാക്കി. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
അയൽവാസികളിൽ നിന്ന് രക്ഷപ്പെട്ട് ഒളിവിൽപ്പോയ അരുണിനെ രണ്ടു ദിവസത്തിന് ശേഷം മ്യൂസിയം പൊലീസ് ആണ് പിടികൂടുന്നത്. കിളിമാനൂർ കൊലക്കേസ്, മയക്കുമരുന്ന് കേസ് തുടങ്ങി പതിനേഴോളം കേസുകളിലെ പ്രതിയാണ് ശിക്ഷിക്കപ്പെട്ട അരുൺ. ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ച കേസിൽ റിമാൻഡിൽ കിടന്നാണ് പ്രതി വിചാരണ നേരിട്ടത്.