ആലപ്പുഴ: മാരകായുധങ്ങളും മയക്കുമരുന്നുമായി ആലപ്പുഴയിൽ ഗുണ്ട സംഘം പിടിയിൽ. ഇരവുകാട് വാർഡ് കേന്ദ്രീകരിച്ച് സൗത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ നർക്കോട്ടിക് വിഭാഗവും ആലപ്പുഴ സൗത്ത് പൊലീസും ചേർന്നായിരുന്നു പരിശോധന.
പിടിയിലായവരില്‍ ഒരാള്‍ കുതിരപ്പന്തി സ്വദേശിയും മറ്റൊരാള്‍ എറണാകുളം സ്വദേശിയുമാണ്. ഗുണ്ട സംഘത്തിലെ പ്രധാനി ഇരവുകാട് ത്രിമൂർത്തിഭവനിൽ രഞ്ജിത്ത് സംഭവസ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു. ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
കഞ്ചാവ്, മറ്റ് ലഹരിമരുന്നുകൾ, മഴു, വടിവാൾശേഖരം, ബോംബ് നിർമിക്കുന്നതിനാവശ്യമായ വസ്‌തുക്കൾ, സ്വർണം, പണം തുടങ്ങിയവയാണ് പൊലീസ് പരിശോധനയില്‍ കണ്ടെത്തിയത്. ഇരവുകാട് കേന്ദ്രീകരിച്ച് മയക്കുമരുന്നുവിൽപ്പന നടക്കുന്നതായി ജില്ല പൊലീസ് മേധാവി ജെ. ജയദേവിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് നർക്കോട്ടിക് സെൽ വിഭാഗം ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്‍റെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
മുൻപും ഇരവുകാടു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഗുണ്ടാപ്രവർത്തനങ്ങളും നടന്നിരുന്നു. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചതിനും നിരീക്ഷണം ഏർപ്പെടുത്തിയതിനും പിന്നാലെ മയക്കുമരുന്ന് വിൽപ്പനയും ഗുണ്ടാപ്രവർത്തനങ്ങളും കുറഞ്ഞു. അടുത്തിടെയാണ് ലഹരിസംഘം വീണ്ടും സജീവമായത്. കഴിഞ്ഞ നവംബറിൽ ഗുണ്ടാസംഘത്തിൽപ്പെട്ട യുവാവിനെ ബോംബെറിഞ്ഞു കൊലപ്പെടുത്തിയ സംഭവവും ആലപ്പുഴയിലുണ്ടായി.