എറണാകുളം: പോപ്പുലർ ഫിനാൻസ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്ത് എന്‍ഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. പ്രതികളുടെ 31 കോടി രൂപയുടെ സ്വത്തു വകകളാണ് ഇ.ഡി കണ്ടുകെട്ടിയത്. കാറുകളും, സ്വർണവും, കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഭൂമി ഉൾപ്പടെയുള്ള സ്വത്തു വകകളാണ് പിടിച്ചെടുത്തത്.
തട്ടിപ്പ് കേസിലെ പ്രതികളായ തോമസ് ഡാനിയേലിന്‍റേയും മകൾ റിനു മറിയം തോമസിന്‍റേയും സ്വത്ത് വകകളാണ് കണ്ടുകെട്ടിയത്. പോപ്പുലർ ഫിനാൻസിനെ അബുദാബി കേന്ദ്രീകരിച്ചുള്ള കമ്പനിക്ക് കൈമാറാനുള്ള നീക്കങ്ങൾ പ്രതികൾ നടത്തിയിരുന്നു. ഇതിനിടെയാണ് സ്വത്തു വകകൾ കണ്ടു കെട്ടിയത്.
കൂടുതല്‍ വായനക്ക്: കേരളത്തിൽ പ്ലസ് വൺ പരീക്ഷ നടത്താമെന്ന് സുപ്രീം കോടതി
1600 കോടിയോളം രൂപയാണ് തോമസ് ഡാനിയേലും, റിനു മറിയവും നിക്ഷേപകരിൽ നിന്ന് തട്ടിയത്. ഇ.ഡിക്ക് പുറമേ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തിക തട്ടിപ്പ് അന്വേഷണ വിഭാഗവും സിബിഐയും നിലവിൽ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം നടത്തുന്നുണ്ട്.