ഭുവനേശ്വര്‍ (ഒഡിഷ): സമ്പന്നരെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ അറസ്‌റ്റിലായ അര്‍ച്ചന നാഗിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്. അര്‍ച്ചന നാഗിനെതിരെ നയാപള്ളി പൊലീസ് സ്‌റ്റേഷനില്‍ ചലച്ചിത്ര നിര്‍മാതാവ് അക്ഷയ് പരിജ നല്‍കിയ പരാതിയെ തുടര്‍ന്ന് 646/2022 കേസ് നമ്പറില്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണ് പൊലീസ് കമ്മിഷണറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. ജുഡീഷ്യല്‍ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടിയില്‍ സമര്‍പ്പിച്ച 501 പേജുള്ള കുറ്റപത്രത്തില്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 384, 385, 388, 389, 500, 506, 120 ബി വകുപ്പുകളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ (ഐടി ആക്‌ട്) 66ഇ, 67, 67എ എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്.
പരാതികളെല്ലാം 'മുകളില്‍' നിന്ന്: അര്‍ച്ചന നാഗ്, ബെഹ്‌റ എന്നിവർ ചേര്‍ന്ന് തന്നിൽ നിന്ന് മൂന്ന് കോടി രൂപ തട്ടിയെടുത്തുവെന്നാരോപിച്ചാണ് ഒഡിയ ചലച്ചിത്ര നിർമാതാവ് അക്ഷയ പരിജയും പൊലീസിൽ പരാതി നൽകിയത്. എന്നാല്‍ നിലവിലെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം നാഗിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം സെക്‌സ് റാക്കറ്റ് നടത്തിപ്പ്, സമൂഹത്തില്‍ സ്വാധീനമുള്ള സമ്പന്നരെ ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയവ കേസുകളിലായി ഒക്‌ടോബര്‍ ആറിനാണ് അര്‍ച്ചന നാഗ് പൊലീസ് പിടിയിലാകുന്നത്. കേസില്‍ അര്‍ച്ചനയുടെ ഭര്‍ത്താവ് ജഗബന്ദു ചന്ദിനെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
പൊലീസിന് മുന്നിലെ അര്‍ച്ചന നാഗ്: സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട സ്‌ത്രീകളെ പണവും സ്വാധീനവുമുള്ള വ്യക്തികള്‍ക്ക് എത്തിച്ചുകൊടുക്കുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയുമാണ് ഇവര്‍ പണം തട്ടിയിരുന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇത്തരത്തില്‍ ഒന്‍പത് പേരെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. ഇതിന്‍റെ ഭാഗമായി 2018 മുതല്‍ ഇതുവരെ ഭുവനേശ്വര്‍ - സത്യവിഹാറില്‍ ബംഗ്ലാവ് ഉള്‍പ്പടെ 30 കോടിയുടെ സ്വത്തുക്കള്‍ ഇരുവരും ചേര്‍ന്ന് സമ്പാദിച്ചതായി പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇതെത്തുടര്‍ന്ന് ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കിയ എഞ്ചിനീയര്‍ രഞ്ജിത്ത് ബെഹ്‌റയേയും കോണ്‍ട്രാക്‌റ്റര്‍ പബിത്ര പത്രയെയും പൊലീസ് ചോദ്യം ചെയ്‌തിരുന്നു.
സംസ്ഥാനം പൊട്ടിക്കുന്ന ബോംബോ?: എന്നാല്‍ തന്നെ കേസില്‍ കുരുക്കിയതാണെന്നും 30 മിനിറ്റ് പ്രതികരിക്കാനായി നല്‍കിയാല്‍ എല്ലാ കാര്യങ്ങളും തുറന്നുപറയുമെന്നുമാണ് അര്‍ച്ചന നാഗിന്‍റെ പ്രതികരണം. ഒഡിഷയിലെ ഉന്നത വ്യക്തിത്വങ്ങള്‍ക്കെതിരെയുള്ള തെളിവുകള്‍ തന്‍റെ പക്കലുണ്ട്. പലതും വെളിപ്പെടുത്തിയാല്‍ സംസ്ഥാനത്തിന്‍റെ സാഹചര്യം മാറി മറിയുമെന്നും തന്നെ അറസ്‌റ്റ് ചെയ്‌തത് ഗൂഡാലോചനയുടെ ഭാഗമായാണെന്നും അടുത്തിടെ ചോദ്യം ചെയ്യലിന് ഹാജരാകും മുന്‍പ് മെഡിക്കല്‍ പരിശോധനയ്‌ക്കായി ആശുപത്രിയിലെത്തിച്ചപ്പോള്‍ അര്‍ച്ചന നാഗ് വെളിപ്പെടുത്തിയിരുന്നു. താന്‍ ഒരു ഭീകരവാദിയല്ലെന്നും പൊലീസ് കമ്മിഷണറേറ്റില്‍ നിന്ന് തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Also Read : 'കൈവശം ഉന്നതര്‍ക്കെതിരായ തെളിവുകളുണ്ട്' ; ആരെയും വെറുതെ വിടില്ലെന്ന് അര്‍ച്ചന നാഗ്