പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ജില്ലയിൽ നിന്നും ആറു മാസത്തേക്ക് നാടുകടത്തി. തിരുവല്ല തുകലശ്ശേരി അഞ്ജലി റോഡിൽ ചുങ്കത്തിൽ ചിറപ്പാട്ട് വീട്ടിൽ റോഷൻ വർഗീസിനെയാണ് (25) നാടുകടത്തിയത്. തിരുവനന്തപുരം റേഞ്ച് ഡിഐജി ആർ നിശാന്തിനിയാണ് ഉത്തരവിട്ടത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവല്ല ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോഷൻ വർഗീസ്. 2017 മുതൽ തിരുവല്ല, ചങ്ങനാശ്ശേരി പൊലീസ് സ്റ്റേഷനുകളിലായി 14 കേസുകളാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഇവയിൽ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേർന്ന് ആക്രമിക്കൽ, മാരകയുധങ്ങൾ ഉപയോഗിച്ചുള്ള ആക്രമണം, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമം, സ്‌ത്രീകൾക്കെതിരായ അതിക്രമം എന്നീ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്നു.
നിലവിൽ ഇയാൾക്കെതിരെ തിരുവല്ല പൊലീസ് സ്റ്റേഷനിൽ റൗഡി ഹിസ്റ്ററി ഷീറ്റ് ഉണ്ട്. ഇയാൾ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തിരുവല്ല ജനമൈത്രി പൊലീസിനെ അറിയിച്ചു എന്നാരോപിച്ച് ഷാനോ പി ജോസഫ് എന്നയാളെ വീട് കയറി ആക്രമിക്കുകയും വടിവാളിന് വെട്ടി പരിക്കേൽപ്പിയ്ക്കുകയും ചെയ്‌തതിനാണ് ഇയാൾക്കെതിരെ ആദ്യത്തെ കേസ് എടുത്തത്. പിന്നീട് പൊതുസമൂഹത്തിന് നിരന്തരം ശല്യവും ഭീതിയും സൃഷ്‌ടിച്ച് സമാധാന ലംഘനം നടത്തിവന്ന പ്രതിക്കെതിരെ കാപ്പ നിയമത്തിലെ 15(1) വകുപ്പ് (കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം) പ്രകാരം ഈവർഷം മാർച്ച് ഒടുവിൽ ഡിഐജിക്ക് റിപ്പോർട്ട് നൽകിയതിനെതുടർന്നാണ് നാടുകടത്തൽ ഉത്തരവ്.
അടുത്തിടെ ജില്ലക്ക് പുറത്തേക്ക് നാടുകടത്തപ്പെടുന്ന കുറ്റവാളികളിൽ മൂന്നാമനാണ് റോഷൻ വർഗീസ്. കാലങ്ങളായി ഇയാൾ പൊലീസിന്‍റെ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയാണ്. ഉത്തരവ് നിലനിൽക്കേ മറ്റേതെങ്കിലും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ, ഉത്തരവിലെ വ്യവസ്ഥകൾ ലംഘിക്കുകയോ ചെയ്‌താൽ ഉടനടി അറസ്റ്റ് ചെയ്‌ത് കാപ്പ നിയമത്തിലെ വകുപ്പ് 15(4),19 അനുസരിച്ച് നിയമനടപടി സ്വീകരിക്കുന്നതിനുള്ള ഡിഐജിയുടെ നിർദേശം ജില്ലയിലെ എല്ലാ എസ്എച്ച്ഒമാർക്കും നൽകിയതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള മുൻകൂർ അനുമതിയില്ലാതെ ജില്ലയിൽ പ്രവേശിക്കരുതെന്നും, ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട 6 മാസക്കാലം താമസിക്കുന്ന മേൽവിലാസം പൊലീസിനെ അറിയിച്ചിരിക്കണമെന്നും ഡിഐജിയുടെ നാടുകടത്തൽ ഉത്തരവിൽ പറയുന്നതായും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമ നടപടികൾ ശക്തമായി തുടരുന്നതിന് പൊലീസിന് വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
Also read: പത്തനംതിട്ടയില്‍ ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി