എറണാകുളം : തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ.ജോ.ജോസഫിന്‍റെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസില്‍ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്‌ത കോട്ടയ്‌ക്കല്‍ സ്വദേശി അബ്‌ദുല്‍ ലത്തീഫാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍ നിന്ന് ഇന്ന് (31 മെയ് 2022) പുലര്‍ച്ചെയാണ് ലത്തീഫിനെ അന്വേഷണ സംഘം കസ്‌റ്റഡിയിലെടുത്തത്.
ഇയാളെ തൃക്കാക്കരയിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തും. ഇടത് സ്ഥാനാര്‍ഥിയുടെ വ്യാജ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കിലൂടെയും, ട്വിറ്ററിലൂടെയും വ്യാജ അക്കൗണ്ടുകള്‍ നിര്‍മ്മിച്ചാണ് പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പിടിയിലായ ലത്തീഫ് നേരത്തേയും സൈബര്‍ കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
ആറ് പേരാണ് കേസില്‍ ഇതുവരെ പിടിയിലായത്. പാലക്കാട് സ്വദേശികളായ കോണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്‍റ് ടി.കെ.അബ്‌ദുള്‍ ഷുക്കൂര്‍, തേങ്കുറിശി മണ്ഡലം എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ശിവദാസന്‍, കണ്ണൂര്‍ കേളകം സ്വദേശിയും യൂത്ത് ലീഗ് പ്രവര്‍ത്തകനുമായ അബ്‌ദുറഹ്മാന്‍, കളമശ്ശേരി സ്വദേശിയും ഐ എന്‍ ടി യു സി നേതാവുമായ ഷിബു എന്നിവര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ബിജെപി പ്രവര്‍ത്തകനായ കോവളം സ്വദേശി സുഭാഷിനെയും പൊലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകുമെന്ന് അന്വേഷണസംഘം അറിയിച്ചു.