കണ്ണൂര്‍: ഡ്യൂട്ടിക്കിടെ മദ്യപിച്ചെത്തിയ മൊബൈല്‍ ഐസിയു ആംബുലൻസിലെ സ്റ്റാഫ് മെയിൽ നഴ്‌സിനെ പൊലീസ് പിടികൂടി. പിലാത്തറ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മെഡിഹബ് ഹെല്‍ത്ത് കെയറിന്‍റെ KL59M-2569 നമ്പറിലെ മൊബൈൽ ഐസിയു ആംബുലൻസ് ജീവനക്കാരനായ ജോമോനാണ് പിടിയിലായത്. പരിയാരം സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് അത്യാസന്ന നിലയിലുള്ള രോഗിയെ കൊണ്ടു പോകുന്നതിനിടെയാണ് പൊലീസ് ഇടപെടല്‍.
ആശുപത്രി ജീവനക്കാരും, രോഗിയുടെ കൂട്ടിരിപ്പുകാരും, പ്രദേശവാസികളും നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥലത്തെത്തിയ പൊലീസ് ആംബുലന്‍സും കസ്റ്റഡിയിലെടുത്തു. ഇതേ വാഹനത്തിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് നേരത്തെയും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.