ഭോപാല്‍: സ്‌കൂളില്‍ ബസില്‍ മൂന്ന് വയസുകാരികളായ വിദ്യാര്‍ഥികളെ ബലാത്സംഗം ചെയ്‌ത ബസ് ഡ്രൈവര്‍ക്കും ബസിലെ ആയയ്ക്കും (bus care taker) ശിക്ഷ വിധിച്ച് കോടതി. ഡ്രൈവറായ ഹനുമത് ജാദവ് (32) ആയ ഊര്‍മിള സാഹു (35) എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഡ്രൈവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷയും 32,000 രൂപ പിഴയും ആയയ്‌ക്ക് 20 വര്‍ഷം തടവും 32,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.
ഭോപ്പാലിലെ പോക്‌സോ പ്രത്യേക കോടതി ജഡ്‌ജി ഷൈൽജ ഗുപ്‌തയുടേതാണ് വിധി. കഴിഞ്ഞ സെപ്‌റ്റംബര്‍ 8നാണ് കേസിനാസ്‌പദമായ സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് ഡ്രൈവര്‍ മിഠായി നല്‍കി വിദ്യാര്‍ഥികളെ ബലാത്സംഗത്തിനിരയാക്കിയത്. വീട്ടിലെത്തിയ വിദ്യാര്‍ഥിയുടെ വസ്‌ത്രങ്ങള്‍ അഴിച്ച് മാറ്റിയത് പോലെ തോന്നിയ മാതാപിതാക്കള്‍ കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിയുന്നത്.
സംഭവത്തെ തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ആയ ആശ്വസിപ്പിച്ചെന്നും കുട്ടി പറഞ്ഞു. ബലാത്സംഗത്തെ തുടര്‍ന്ന് ഡ്രൈവര്‍ തലമുടിയില്‍ പിടിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുട്ടി പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ രണ്ടാമത്തെ കുട്ടിയുടെ മാതാപിതാക്കളും പരാതിയുമായെത്തുകയായിരുന്നു.
ബലാത്സംഗത്തിന് ഡ്രൈവര്‍ക്ക് ആയ കൂട്ടുനില്‍ക്കുകയായിരുന്നു എന്നാണ് കേസ്. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴ ബലാത്സംഗത്തിന് ഇരയായ കുട്ടികള്‍ക്ക് നല്‍കുമെന്ന് സംസ്ഥാന പ്രോസിക്യൂഷൻ ഡിപ്പാർട്ട്‌മെന്‍റ് പബ്ലിക് റിലേഷൻസ് ഉദ്യോഗസ്ഥൻ മനോജ് ത്രിപാഠി പറഞ്ഞു. സെക്ഷൻ 376, 376(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ ശിക്ഷ വിധിച്ചത്.
കേസില്‍ 32 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെയുള്ള ശിക്ഷ വിധിയെ സ്വാഗതം ചെയ്യുന്നതായും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കർശനമായ ശിക്ഷ ഉറപ്പാക്കാൻ തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.