എറണാകുളം : പ്രോട്ടോക്കോൾ ലംഘനത്തിന് പുറമെ മുഖ്യമന്ത്രി രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രവർത്തനങ്ങളും നടത്തിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ച് വരികയാണ്. ഷാർജ ഭരണാധികാരിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്തുവെന്നും സ്വപ്‌ന ആരോപിച്ചു.
മകൾ വീണ വിജയന്‍റെ ബിസിനസുമായി ബന്ധപ്പെട്ടാണ് ഷാർജ ഭരണാധികാരിയുമായി കൂടിക്കാഴ്‌ച നടത്തിയത്. ഷാർജ ഭരണാധികാരിയുടെ കോഴിക്കോട് സന്ദർശനം മാത്രമാണ് വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് തിരുവനന്തപുരത്തേക്ക് അദ്ദേഹത്തെ എത്തിച്ചതെന്നും സ്വപ്ന ആരോപിച്ചു.
മാധ്യമങ്ങളെ ഉൾപ്പടെ കോഴിക്കോട്, തിരുവനന്തപുരം സന്ദർശനം അറിയിച്ചെങ്കിലും വിദേശകാര്യ മന്ത്രാലത്തില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. കമല വിജയനും നളിനി നെറ്റോയും ഷാർജ ഭരണാധികാരിയുടെ ഭാര്യയുമായി ലീല പാലസില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തെ ഒരു രാജ്യമായി കണ്ട് താൻ ഇവിടെ എന്തും നടത്തുമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും സ്വപ്ന കൊച്ചിയിൽ ആരോപിച്ചു.