എറണാകുളം: പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ ഭക്ഷ്യ വിഷബാധയുണ്ടായ കേസിലും കളമശ്ശേരിയില്‍ പഴകിയ മാസം കണ്ടെത്തിയ സംഭവത്തിലും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. കളമശ്ശേരിയിലെ ഹോട്ടലുകൾക്ക് വിതരണം ചെയ്യാനായി പഴകിയ മാംസം സൂക്ഷിച്ച കേസില്‍ മണ്ണാർക്കാട് സ്വദേശി ജുനൈസിനെയും പറവൂരില്‍ ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തിലെ പ്രതി സിനാനുൽ ഹഖിനെയുമാണ് കണ്ടെത്താനുള്ളത്.
ഇക്കഴിഞ്ഞ 12നാണ് കളമശ്ശേരിയിലെ കൈപ്പടമുഗളിലെ വാടക വീട്ടില്‍ നിന്ന് ഹോട്ടലുകള്‍ക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച സുനാമി ഇറച്ചി നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്. അഞ്ഞൂറ് കിലോ മാംസമാണ് പിടിച്ചെടുത്തത്. സംഭവത്തെ തുടര്‍ന്ന് ജനുവരി 13നാണ് വിഷയത്തില്‍ നഗരസഭ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഒരാഴ്‌ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ല. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന. അതേസമയം വീട്ടുടമയ്ക്ക് മുസ്‌ലിം ലീഗ് ബന്ധമുണ്ടെന്നും അതുകൊണ്ട് പ്രതിയെ രക്ഷപ്പെടാൻ അനുവദിച്ചെന്നുമുള്ള ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
പഴകിയ ഇറച്ചി പിടികൂടിയ കേന്ദ്രത്തിൽ നിന്നും ഇറച്ചി വാങ്ങിയ ഹോട്ടലുകളുടെ പേര് വിവരം നഗരസഭ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. 49 ഹോട്ടലുകളുടെ പേരാണ് പുറത്ത് വിട്ടത്. കൊച്ചി നഗരത്തിലെ തിരക്കേറിയ നിരവധി ഹോട്ടലുകള്‍ ഈ പട്ടികയിലുണ്ട്.
ഹോട്ടലുകളുടെ പേര് വിവരം പുറത്ത് വിടണമെന്ന ആവശ്യം ശക്തമായിരുന്നു. പേരുകള്‍ പുറത്ത് വന്നതോടെ ജനങ്ങള്‍ ആശങ്കയിലാണ്. ഭക്ഷ്യ വിഷ ബാധയുണ്ടായ പറവൂരിലെ മജ്‌ലിസ് ഹോട്ടലില്‍ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന തുടരുകയാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ വിഭവങ്ങൾ കണ്ടെത്തിയ കുമ്പാരി ഹോട്ടലും അടച്ച് പൂട്ടി.