കോട്ടയം: കുറിവിലാങ്ങാട് സമീപം കാളിയാർ തോട്ടത്ത് വന്‍ ലഹരി മരുന്ന് വേട്ട. കന്നുകാലി ഫാമിന്‍റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാൻസ് നിർമാണയൂണിറ്റില്‍ നിന്നാണ് ലഹരി ഉല്‍പ്പന്നങ്ങള്‍ അന്വേഷണസംഘം കണ്ടെത്തിയത്. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
അതിരമ്പുഴ സ്വദേശി ജഗൻ ജോസ് (30), കുമ്മനം സ്വദേശി ബിബിൻ വർഗീസ് (36) എന്നിവരാണ് അന്വേഷണസംഘത്തിന്‍റെ പിടിയിലായത്. ഇവരില്‍ നിന്നും 2250 കിലോ ഹാൻസും, 100 കിലോയോളം പായ്ക്കറ്റിലാക്കാനുള്ള പൊടിയും അന്വേഷണസംഘം റെയ്‌ഡില്‍ കണ്ടെത്തി. ലക്ഷക്കണക്കിന് രൂപയുടെ നിരോധിത ലഹരി ഉല്‍പന്നങ്ങളും, നിർമാണ സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്.
കോട്ടയം കുറവിലങ്ങാട് കാളിയാർ തോട്ടം ഭാഗത്ത് വാടകയ്‌ക്കെടുത്ത പുരയിടത്തിലാണ് പ്രതികള്‍ ലഹരി നിർമാണ വിതരണ കേന്ദ്രം നടത്തി വന്നിരുന്നത്. ജില്ല പൊലിസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലത്ത് പരിശോധന. കുറവിലങ്ങാട് പൊലീസിന്‍റെയും നാർക്കോട്ടിക് സെല്ലിന്‍റെയും നേതൃത്വത്തിലാണ് ഇന്നലെ (27-06-2022) റെയ്‌ഡ് നടന്നത്.