പാലക്കാട് : പാലക്കാട് ആളില്ലാത്ത വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്നു. പട്ടിത്തറ തലക്കശേരി ചാരുപടിക്കല്‍ അബൂബക്കറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. മുന്‍ വാതില്‍ കമ്പിപ്പാര ഉപയോഗിച്ചാണ് കുത്തിത്തുറന്നത്.
അകത്തുകടന്ന മോഷ്‌ടാവ്, ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവുമാണ് കവര്‍ന്നെടുത്തത്. വീട്ടുടമ അബൂബക്കറും കുടുംബവും വിദേശത്തായതിനാല്‍ വീട് അടഞ്ഞ് കിടക്കുകയായിരുന്നു. വീടും പരിസരവും നോക്കാൻ പരിസരവാസിയായ ആളെയാണ് ഏല്‍പ്പിച്ചിരുന്നത്.
ഇയാള്‍ വൈകിട്ട് വീട്ടിൽ ലൈറ്റ് ഇടാന്‍ എത്തിയപ്പോഴാണ് മുന്‍വാതില്‍ കുത്തിത്തുറന്ന നിലയിൽ കണ്ടത്. തൃത്താല പൊലീസും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.