ലാഹോര്‍: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമം കൂടിവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍. ബലാത്സംഗകേസുകള്‍ കൈകാര്യം ചെയ്യുന്നതിനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായതെന്ന് പഞ്ചാബ് ആഭ്യന്തരമന്ത്രി അത്ത തരാര്‍ കഴിഞ്ഞ് ദിവസം അഭിപ്രായപ്പെട്ടിരുന്നു. പ്രവിശ്യയില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍ ഉയരുന്നത് സര്‍ക്കാരിനും സമൂഹത്തിനും ഗുരുതര പ്രശ്‌നങ്ങളാണുണ്ടാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രവിശ്യയില്‍ നിലവില്‍ പ്രതിദിനം അഞ്ചോളം ബലാത്സംഗകേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. ഈ സാഹചര്യത്തിലാണ് പ്രത്യേക നടപടികള്‍ സ്വീകരിക്കുന്നതെന്നും പാകിസ്ഥാന്‍ മുസ്ലീം ലീഗ് - നവാസ് (PML-N) പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി വ്യക്തമാക്കി. ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകള്‍ ബലാത്സംഗവും ക്രമസമാധാനവും സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി അവലോകനം ചെയ്യുമെന്നും, പൗരസമൂഹം സ്ത്രീ സംഘടനകൾ, അധ്യാപകർ, അഭിഭാഷകർ എന്നിവരുമായി കൂടിയാലോചിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രദേശത്ത് നിരവധി കേസുകളില്‍ പ്രതികളെ പിടികൂടിയിട്ടുണ്ട്. ബലാത്സംഗത്തിനെതിരായ ക്യാംപെയ്‌നുകളും മേഖലയില്‍ സര്‍ക്കാരിന്‍റെ ആഭിമുഖ്യത്തില്‍ ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും നല്‍കേണ്ട ബോധവല്‍ക്കരണവും പ്രദേശത്ത് ആരംഭിച്ചിട്ടുണ്ടെന്ന് തരാര്‍ കൂട്ടിച്ചേര്‍ത്തു.
സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കണമെന്നും കുട്ടികളെ മേൽനോട്ടമില്ലാതെ വീടുകളിൽ തനിച്ചാക്കരുതെന്നും തരാർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. സ്‌കൂളുകളിലും കോളേജുകളിലും മയക്കുമരുന്നിന്‍റെ ഉപയോഗം വര്‍ധിച്ചതാണ് കുറ്റകൃത്യങ്ങളുടെ എണ്ണം ഉയരാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു.