മുംബൈ : ബോളിവുഡ് നടന്‍ അന്നു കപൂറിന്‍റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയതായി പരാതി. ഓണ്‍ലൈന്‍ തട്ടിപ്പ് സംഘമാണ് പണം അപഹരിച്ചതെന്ന് പൊലീസ് അറിയിച്ചു. നടന്‍റെ സ്വകാര്യ ബാങ്കിലെ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയത്.
4.36 ലക്ഷം രൂപയാണ് നഷ്‌ടമായത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം. കെവൈസി അപ്‌ഡേറ്റ് ചെയ്യാനാണെന്നും പറഞ്ഞ് ബാങ്ക് ജീവനക്കാരനെന്ന വ്യാജേന ഒരാള്‍ നടനെ ഫോണില്‍ ബന്ധപ്പെട്ടു. ഇയാള്‍ക്ക് അന്നു കപൂര്‍ തന്‍റെ ബാങ്ക് വിവരങ്ങളും പാസ്‌വേഡും പറഞ്ഞുകൊടുക്കുകയായിരുന്നു.
തുടര്‍ന്ന് തട്ടിപ്പ് സംഘം അന്നു കപൂറിന്‍റേതില്‍ നിന്ന് മറ്റ് രണ്ട് അക്കൗണ്ടുകളിലേക്കായി 4.36 ലക്ഷം രൂപ ട്രാന്‍സ്‌ഫര്‍ ചെയ്‌തു. അക്കൗണ്ടില്‍ ഇടപാട് നടന്നതിനെക്കുറിച്ച് അറിയിക്കാന്‍ ബാങ്ക് ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ട വിവരമറിയുന്നത്. ഉടന്‍ തന്നെ നടന്‍ ഓശിവാര പൊലീസില്‍ പരാതി നല്‍കി.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്നു കപൂറിന്‍റെ അക്കൗണ്ട് മരവിപ്പിച്ചു. സംഭവത്തില്‍ ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പണം അപഹരിച്ചത് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘമാണെന്ന് മനസിലായത്. തട്ടിപ്പ് സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.