എറണാകുളം: ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് ആലുവയിലെ വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്ന കേസിൽ ഒരാൾ കൂടി പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് കായലോട് പള്ളിപ്പറമ്പത്ത് അബ്‌ദുല്‍ ഹമീദ് (42) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി.
ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ അബ്‌ദുല്‍ ഹമീദിനെ ഒളിവിൽ കഴിഞ്ഞിരുന്ന കാഞ്ഞങ്ങാട്ടെ വീട് വളഞ്ഞാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു ആലുവ ബാങ്ക് ജംഗ്ഷനിലുളള സഞ്ജയ് എന്നയാളുടെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്ഥർ എന്ന വ്യാജേന അഞ്ച് പേർ എത്തിയത്.
പരിശോധന നടത്തി വീട്ടിൽ നിന്ന് അമ്പതു പവനോളം സ്വർണവും, ഒന്നരലക്ഷം രൂപയുമായി സംഘം കടന്നു കളയുകയായിരുന്നു. വീട്ടിലെ സിസിടിവി ഹാർഡ് ഡിസ്‌ക് ഉൾപ്പടെ സംഘം മോഷ്‌ടിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.