മലപ്പുറം : നാട്ടുവൈദ്യന്‍ ഷാബ ഷെരീഫ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍ കൂടി നിലമ്പൂര്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍. നിലമ്പൂര്‍ സ്വദേശിയും എസ്.ഡി.പി.ഐ പ്രവര്‍ത്തകനുമായ സുനിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവില്‍ പോയ നിലമ്പൂര്‍ സ്വദേശികളായ 5 പേര്‍ക്ക് സാമ്പത്തികമടക്കം സഹായം ചെയ്തുകൊടുത്ത സുനില്‍ കേസിലെ കൂട്ടുപ്രതിയാണ്.
കൊലപാതകത്തിലെ മുഖ്യപ്രതിയായ ഷൈബിൻ അഷറഫ് അടക്കം നാലുപേര്‍ നിലവില്‍ റിമാന്‍ഡിലാണ്. മെയ് 11 ന് കേസിലെ മുഖ്യ പ്രതിയായ ഷൈബിൻ അഷറഫിനെ നിലമ്പൂര്‍ മുക്കട്ടയിലെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റ് അഞ്ച് പേര്‍ ഒളിവില്‍ പോയത്. എന്നാല്‍ ഒളിവില്‍ കഴിയുന്ന പ്രതികള്‍ പല മൊൈബല്‍ നമ്പറുകളില്‍ നിന്ന് സുനിലുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പ്രതികള്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സുനില്‍ സുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തി എടിഎമില്‍ നിന്ന് 50,000 രൂപയെടുത്ത് അജ്മലിന് കൈമാറുകയും ഫാസിലിന്‍റെ ആവശ്യപ്രകാരം മറ്റൊരു അക്കൗണ്ടിലേക്ക് 50,000 രൂപ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. കസ്റ്റഡിയിലെടുത്ത സുനിലിനെ ഉടന്‍ അറസ്റ്റ് ചെയ്യും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെയെണ്ണം 5 ആയി.
2020 ഒക്ടോബറിലാണ്, മൈസൂരിലെ രാജീവ് നഗറില്‍ മൂലക്കുരു ചികിത്സ നടത്തിയിരുന്ന വൈദ്യനായ ഷാബ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂരിലെ ലോഡ്‌ജിൽ താമസിക്കുന്ന വൃദ്ധനായ രോഗിയെ ചികിത്സിക്കാനാണെന്ന വ്യാജേന ഷൈബിന്‍റെ നിർദേശ പ്രകാരം കൂട്ടാളികള്‍ ഷാബ ഷെരീഫിനെ ബൈക്കിൽ കയറ്റി കൊണ്ടുവരികയായിരുന്നു. ഇതിനിടെ വഴിയിൽ കാത്തുനിന്ന ഷൈബിനും കൂട്ടാളികളും ഇയാളെ കാറിൽ കയറ്റി നിലമ്പൂരിലെ ഷൈബിന്‍റെ വീട്ടിലെത്തിച്ചു.
ഷാബ ഷെരീഫിന്‍റെ കൈവശമുള്ള ഒറ്റമൂലിയെക്കുറിച്ച് മനസിലാക്കി അത് പുനരുത്പാദിപ്പിച്ച് പണം കൊയ്യുകയായിരുന്നു സംഭവത്തിന് പിന്നിലെ ലക്ഷ്യം. എന്നാല്‍ എത്ര ചോദിച്ചിട്ടും ഒറ്റമൂലിയെക്കുറിച്ച് വിവരം നല്‍കാന്‍ ഷെരീഫ് തയ്യാറായില്ല. തുടര്‍ന്ന് ഷൈബിന്‍റെ വീട്ടിലെ ഒന്നാം നിലയില്‍ ബന്ദിയാക്കി ഇയാളെ ഒരു വര്‍ഷത്തിലധികം ഷൈബിനും കൂട്ടാളികളും പീഡിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് മുഖത്തേക്ക് സാനിറ്റൈസർ ഒഴിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലിൽ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടയിൽ ഷാബ ഷെരീഫ് കൊല്ലപ്പെട്ടു. തുടര്‍ന്ന് ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് വെട്ടി നുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. തിരികെ വീട്ടിലെത്തിയ ഷൈബിനും കൂട്ടാളികളും തെളിവുകള്‍ നശിപ്പിക്കുകയും ചെയ്തു.