തിരുവനന്തപുരം: പൊലീസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ പ്രതികള്‍ കോടതിയില്‍ നേരിട്ടെത്തി ജാമ്യമെടുത്തു. കളള് ഷാപ്പിലെ ജീവനക്കാരനായ ആനാട് നാഗഞ്ചേരി സ്വദേശി ലാലു എന്ന ബാലചന്ദ്രനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ നെടുമങ്ങാട് നെട്ടറക്കോണം ഷിബു, ആര്യനാട് അജയന്‍ എന്നിവരാണ് കോടതിയിലെത്തി ജാമ്യം എടുത്തത്. കേസില്‍ ഇര നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുറ്റപത്രത്തില്‍ നിന്നൊഴിവാക്കിയ പ്രതികളെ കോടതി നേരിട്ട് പ്രതികളാക്കി വിചാരണ ചെയ്യുന്നത്.
ആറാം അഡിഷണല്‍ ജില്ല സെഷന്‍സ് ജഡ്‌ജി കെ. വിഷ്‌ണുവാണ് കേസ് പരിഗണിച്ചത്. തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത് ഷിബുവും അജയനുമാണെന്ന ബാലചന്ദ്രന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കോടതി പ്രതികളാക്കിയത്. സംഭവത്തില്‍ കോടതി അഡിഷണല്‍ ജില്ല ഗവണ്‍മെന്‍റ് പ്ലീഡര്‍ എം. സലാഹുദ്ദീനോട് വിശദീകരണം തേടി.
കേസില്‍ സാക്ഷി പറഞ്ഞത് സത്യമാണെന്നും ഇത് 2008ലെ എസ്‌ഐ ആയിരുന്ന ആര്‍ വിജയന്‍ സിഐ ആയിരുന്ന കെ.മുഹമ്മദ് ഷാഫിയോട് പറഞ്ഞിട്ടുള്ളതായി കേസ് ഡയറിയില്‍ ഉള്ള കാര്യം പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു. സാക്ഷി പേര് പറഞ്ഞ രണ്ട് പ്രതികളെയും പ്രതിയാക്കാന്‍ അമുനദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍ തന്നെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതേ തുടര്‍ന്ന് പ്രോസിക്യൂഷന്‍റെ ആവശ്യം കോടതി അംഗീകരിച്ചു.
2008 ഏപ്രില്‍ 15നാണ് കോസിനാസ്‌പദമായ സംഭവം. പ്രതികളുടെ ഉടമസ്ഥതയിലുളള കളള് ഷാപ്പിലെ കളളിന് വീര്യം കൂട്ടാനായി വ്യാജ സ്‌പിരിറ്റ് കലര്‍ത്തുന്നതിന് തടസം നിന്നതിനാണ് ബാലചന്ദ്രനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കേസിലെ പ്രധാന പ്രതികളായ ഷിബുവിനെയും അജയനെയും ഒഴിവാക്കി മറ്റ് പേരെ പ്രതികളാക്കിയാണ് നെടുമങ്ങാട് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.