തിരുവനന്തപുരം: സംവിധായിക നയന സൂര്യന്‍റെ മരണത്തിൽ ക്രൈംബ്രാഞ്ച് മെഡിക്കൽ ബോർഡ് രൂപീകരിക്കും. മരണത്തിൽ ആത്മഹത്യ സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഫോറൻസിക് മുൻ സർജൻ ഡോക്‌ടർ ശശികല കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. നയനയുടേത് കൊലപാതകമാണോ നടന്നതെന്ന പൊലീസിന്‍റെ സംശയത്തിന് ഇനിയും വ്യക്തത വന്നിട്ടില്ല. ഈ സാഹചര്യത്തിന്‍റെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഒരുങ്ങുന്നത്.
നയനയുടെ കഴുത്തിനേറ്റ ക്ഷതമാണ് മരണ കാരണം. എന്നാൽ കഴുത്തിലെ മുറിവുകൾ കുരുക്കിട്ട കിടക്ക വിരിയിൽ നിന്ന് ആകാനുള്ള സാധ്യതകൾ തള്ളിക്കളയാനുമാവില്ല. നയനയ്ക്ക് ആക്സിഫിഷ്യോ ഫീലിയ എന്ന അവസ്ഥ ഉണ്ടായിരുന്നോ എന്ന് കണ്ടെത്താൻ നയനയുടെ ജീവിതചര്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട് എന്നും 2019 ഫെബ്രുവരി 24ന് പുലർച്ചെയാണ് നയനയുടെ മൃതദേഹം കോൾഡ് ചേമ്പറിൽ വച്ചത്. ഇതിന് 18 മണിക്കൂർ മുമ്പ് മരണം സംഭവിച്ചിരുന്നു എന്നും ഫോറൻസിക് സർജൻ ഡോ ശശികല തന്‍റെ മൊഴിയിൽ പറയുന്നു.
നയനയുടെ മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന ആരോപണവുമായി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പോസ്റ്റ് മാർട്ടം റിപ്പോർട്ടുകൾ പുറത്ത് വന്ന സമയത്ത് രംഗത്ത് എത്തിയിരുന്നു. നയനയുടെ ശരീരത്തിൽ ഉണ്ടായിരുന്ന വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ മ്യൂസിയം പൊലീസിന്‍റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടിരുന്നു. പിന്നീട് ക്രൈംബ്രാഞ്ചിന്‍റെ നിർദേശ പ്രകാരം നടത്തിയ തിരച്ചിലിൽ ഇത് പോലീസ് സ്റ്റേഷനിൽ നിന്നും കണ്ടെത്തുകയായിരുന്നു.
2019 ഫെബ്രുവരിയിലാണ് ആൽത്തറയിലെ വാടക വീട്ടിൽ നയന സൂര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ ആദ്യം അന്വേഷണം നടത്തിയ മ്യൂസിയം പോലീസ് നയനയുടെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി കേസന്വേഷണം അവസാനിപ്പിച്ചു. എന്നാൽ നയനയുടെ ഇൻക്വസ്റ്റ് - പോസ്റ്റ്‌മാർട്ടം റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ സംഭവം വിവാദമാവുകയും കേസിന്‍റെ പുനരന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയും ചെയ്യുകയായിരുന്നു. ക്രൈംബ്രാഞ്ച് എസ്.പി മധുസൂധനന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് ഇപ്പോൾ കേസിന്‍റെ പുനരന്വേഷണ ചുമതല.