തിരുവനന്തപുരം: രണ്ട് മക്കളെ മുക്കിക്കൊന്ന അമ്മ ജീവനൊടുക്കി. കന്യാകുമാരി ജില്ലയിൽ കുഴിത്തുറയ്ക്ക് സമീപമാണ് രണ്ട് കുഞ്ഞുങ്ങളെ വാട്ടർ ടാങ്കിൽ തള്ളിയിട്ട് മുക്കിക്കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്‌തത്. കന്യാകുമാരി കുഴിത്തുറയ്ക്കടുത്തുള്ള കഴുവൻതിട്ടൈ കോളനിയിൽ ജെഫർ ഷൈന്‍റെ ഭാര്യ വിജിയെയും (27) മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടത്. വിജിയുടെ രണ്ട് വയസുള്ള മകൾ പ്രേയയും ആറുമാസം പ്രായമുള്ള പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന്‍റെയും ആത്മഹത്യയുടെയും കാരണം പൊലീസ് അന്വേഷിക്കുകയാണ്. അമ്മയെ അടുത്തുള്ള ക്രിസ്ത്യൻ പള്ളി സന്ദർശിക്കാൻ പറഞ്ഞയച്ച ശേഷമാണ് വിജി കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് നിഗമനം. രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം വിജി വീടിനുള്ളിൽ കയറി സ്വീകരണമുറിയിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നും പൊലീസ് പറയുന്നു.
പള്ളിയിൽ പോയ അമ്മ തിരികെ വീട്ടിലെത്തിയപ്പോഴാണ് രണ്ട് കുട്ടികളും വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. വീടിനുള്ളിൽ നടത്തിയ പരിശോധനയില്‍ മകൾ വിജിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തുടർന്ന് മാർത്താണ്ഡം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മാർത്താണ്ഡം പൊലീസും തക്കല ഡിഎസ്‌പി ഗണേശനും സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തി.
നിലവില്‍ അമ്മയുടെയും രണ്ട് കുട്ടികളുടെയും മൃതദേഹങ്ങൾ പോസ്‌റ്റ്‌മോർട്ടം നടത്താനായി കുഴിത്തുറ സർക്കാർ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read: 'വിദ്യാര്‍ഥികളുടെ ഭാവിയെ ബാധിക്കും'; ഗേറ്റ് 2022 മാറ്റില്ലെന്ന് സുപ്രീം കോടതി