പത്തനംതിട്ട: വീട്ടിൽ അതിക്രമിച്ചു കയറി അമ്മയേയും മകനെയും മർദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കുന്നന്താനം പാറനാട് കുന്നത്തുശ്ശേരിൽ വീട്ടിൽ ശങ്കരൻ എന്ന് വിളിക്കുന്ന അഖിൽ കെ.വി (27), കുന്നന്താനം മാന്താനം വള്ളിക്കാട് വള്ളിക്കാട്ടിൽ പുതുപ്പറമ്പിൽ വീട്ടിൽ അനന്തു ബിനു (24) എന്നിവരാണ് അറസ്‌റ്റിലായത്. മുൻവൈരാഗ്യത്തിന്‍റെ പേരിലാണ് പ്രതികൾ അക്രമം നടത്തിയെന്ന് പൊലീസ് പറഞ്ഞു.
കുന്നന്താനം മടുക്കകാട് ഇളപ്പുങ്കൽ വീട്ടിൽ ജെനുവിന്‍റെ ഭാര്യ സുജയ്ക്കും മകൻ അഭിജിത്തിനുമാണ് മർദനമേറ്റത്. ശനിയാഴ്‌ച രാത്രി ഇവരുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അഖിൽ ഭീഷണിപ്പെടുത്തിയും അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. വീട്ടമ്മ ധരിച്ചിരുന്ന നൈറ്റി വലിച്ച് കീറുകയും ചെയ്‌തു. തടസം പിടിച്ച മകൻ അഭിജിത്തിനെ ഇരുവരും ചേർന്ന് മർദിക്കുകയും ചെയ്‌തുവെന്നാണ് പരാതി.
കഴിഞ്ഞദിവസം വഴിയിൽവച്ച് അഖിലിനെ കണ്ടപ്പോൾ അഭിജിത് ഇയാളുടെ ഇരട്ടപ്പേര് വിളിച്ച് സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
കീഴ്വായ്പ്പൂര് പൊലീസ് സ്‌റ്റേഷനിൽ രജിസ്‌റ്റർ ചെയ്‌ത 7 കേസുകളിലും, ചങ്ങനാശ്ശേരി പൊലീസ് സ്‌റ്റേഷനിലെ ഒരു ക്രിമിനൽ കേസിലും ഉൾപ്പെട്ടിട്ടുള്ള കുറ്റവാളിയാണ് അഖിൽ. വധശ്രമം, ലഹള, കഞ്ചാവ് കൈവശം വയ്ക്കൽ തുടങ്ങിയ കേസുകളിലും ഇരുവരും പ്രതികളാണ്. കീഴ്വായ്പ്പൂര് പൊലീസ് സ്‌റ്റേഷൻ റൗഡി ഹിസ്‌റ്ററി ലിസ്‌റ്റിലും തിരുവല്ല സബ് ഡിവിഷ്‌ണൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയുടെ നല്ലനടപ്പിനുള്ള നടപടികൾക്ക് വിധേയനായിട്ടുള്ളയാളുമാണ് അഖിൽ.
കഞ്ചാവ് കൈവശം വച്ചത് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ പ്രതിയാണ് അനന്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.