കൊൽക്കത്ത : അധ്യാപക നിയമനത്തിലെ അഴിമതി കേസിൽ അർപിത മുഖർജിയുടെ അറസ്റ്റിന് പിന്നാലെ മന്ത്രി പാർഥ ചാറ്റർജിയുടെ മറ്റൊരു അനുയായിയും ഇ.ഡിയുടെ നിരീക്ഷണത്തിൽ. പശ്ചിമ ബംഗാളിലെ അസൻസോളിലെ കാസി നസ്രുൾ സർവകലാശാലയിലെ അധ്യാപികയായ മൊണാലിസ ദാസാണ് ഇ.ഡിയുടെ അന്വേഷണ പരിധിയിലുള്ളത്. പാർഥ ചാറ്റർജിയുടെ അടുത്ത സഹായിയായ അർപിത മുഖർജിയെ ഇ.ഡി ശനിയാഴ്‌ച അറസ്റ്റ് ചെയ്‌തിരുന്നു.
2014ൽ ചാറ്റർജി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയായിരിക്കെ മൊണാലിസയ്ക്ക് അസിസ്റ്റന്‍റ് പ്രൊഫസർ സ്ഥാനത്തുനിന്ന് നേരിട്ട് അസോസിയേറ്റ് പ്രൊഫസർ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഉയർന്ന പോസ്റ്റിലേക്കുള്ള മൊണാലിസയുടെ നിയമനം ഇരുവരും തമ്മിലുള്ള അടുത്ത ബന്ധത്തിന്‍റെ സൂചനയാണെന്നായിരുന്നു ആരോപണം.
ബിർഭൂമിലെ ശാന്തിനികേതനിൽ 10 ഫ്ലാറ്റുകളാണ് മൊണാലിസയുടെ ഉടമസ്ഥതയിലുള്ളത്. എന്നാൽ മൊണാലിസയുടെ വരുമാനവും ഫ്ലാറ്റുകളുടെ വിലയും തമ്മിൽ വളരെ വലിയ അന്തരമുള്ളത് സംശയം ഉളവാക്കുന്നതായി ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഈ ആരോപണം മൊണാലിസ നിഷേധിച്ചു.
അധ്യാപിക എന്ന നിലയിൽ എനിക്ക് അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാർഥ ചാറ്റർജിയെ അറിയാമായിരുന്നു. ഒരർഥത്തിൽ അദ്ദേഹം എന്‍റെ രക്ഷാധികാരിയായിരുന്നു, എന്നാൽ അഴിമതിയുമായി ബന്ധമില്ലെന്നും മൊണാലിസ പറഞ്ഞു.