ദന്തേവാഡ (ഛത്തീസ്‌ഗഡ്): നവജാത ശിശുവിനെ കുളത്തിലെറിഞ്ഞു കൊന്ന സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. ദന്തേവാഡ ജില്ലയിലെ ബര്‍സൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ... 45 ദിവസം പ്രായമുള്ള കുഞ്ഞിനെ കാണാനില്ലെന്ന് കാണിച്ച് മെയ് 21ന് കുടുംബം പൊലീസില്‍ പരാതി നല്‍കി.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ പ്രായപൂര്‍ത്തിയാകാത്ത പിതാവാണെന്ന് കണ്ടെത്തുകയും ചെയ്‌തു. പൊലീസ്, കേസ് വിശദമായി അന്വേഷിച്ചു. യൂട്യൂബ് വീഡിയോ കണ്ടാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് മനസിലാക്കി. ആദ്യം പ്രതി കുട്ടിയെ തട്ടിക്കൊണ്ട് പോയി ഗ്രാമത്തിന് പുറത്തുള്ള ഒരു കലുങ്കിനടിയില്‍ ഒളിപ്പിച്ചു.
പിറ്റേന്ന് സ്ഥലത്തെത്തി കുട്ടിയെ സമീപത്തുള്ള കുളത്തില്‍ എറിഞ്ഞ് കൊല്ലുകയായിരുന്നു. വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കാനായി കുട്ടിയുടെ വസ്ത്രത്തില്‍ കോഴിയുടെ രക്തം പുരട്ടി വീടിന് സമീപം ഉപേക്ഷിക്കുകയും കുഞ്ഞിനെ മൃഗങ്ങള്‍ ആക്രമിച്ചുവെന്ന് പറയുകയും ചെയ്‌തു. പ്രതിയും ഭാര്യയും പ്രായപൂര്‍ത്തിയാകാത്തവരാണ്.
വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഇവര്‍ക്ക് കുട്ടി ജനിച്ചതില്‍ പിതാവ് അസ്വസ്ഥനായിരുന്നുവെന്നും ഇതാണ് കൃത്യത്തിലേക്ക് നയിച്ചതെന്നും ദന്തേവാഡ എസ്‌പി സിദ്ധാർഥ് തിവാരി പറഞ്ഞു. കൊലപാതകത്തില്‍ ഭാര്യക്കും പങ്കുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതിന് ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തതെന്ന് എസ്‌പി പറഞ്ഞു.