കൊല്ലം: മാരക മയക്കുമരുന്നായ എംഡിഎംഎയും കഞ്ചാവുമായി ദമ്പതികൾ ഉൾപ്പെടെ നാല് പേർ പൊലീസ് പിടിയിൽ. കിളികൊല്ലൂര്‍ സ്വദേശി അഭിനാഷ്, പുന്തലത്താഴം സ്വദേശി അഖില്‍, പേരൂര്‍ സ്വദേശി അജു, ഭാര്യ ബിൻഷ എന്നിവരാണ് അറസ്റ്റിലായത്. കരിക്കോട് ഷാപ്പ്‌മുക്കിന് സമീപത്തുള്ള ലോഡ്‌ജില്‍ നിന്നുമാണ് ഇവരെ പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്നും 19 ഗ്രാമോളം എംഡിഎംഎയും 30 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ മെറിന്‍ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊല്ലം സിറ്റി ഡാൻസാഫ് ടീമും, കിളികൊല്ലൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രണ്ട് മാസമായി ഇവർ കരിക്കോട് ഷാപ്പ് മുക്കിലെ ജീന ലോഡ്‌ജിൽ മുറിയെടുത്തായിരുന്നു മാരക മയക്കുമരുന്ന് വ്യാപാരം നടത്തിയിരുന്നത്.
സ്‌കൂൾ, കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് വ്യാപാരം. ടി കെ എം എൻജിനിയറിങ് കോളജിന് സമീപമാണ് ലോഡ്‌ജ് സ്ഥിതി ചെയ്യുന്നത്. എംഡിഎംഎ ഗ്രാമിന് 1500 രൂപ മുതൽ 2000 രൂപ വരെയാണ് ഇവർ ഇടപാടുകാരിൽ നിന്നും ഈടാക്കിയിരുന്നത്. ഗൂഗിൾ പേ വഴിയായിരുന്നു പണമിടപാടുകൾ.
ലക്ഷക്കണക്കിന് രൂപയാണ് ഇവരുടെ അക്കൗണ്ടിലുള്ളതെന്ന് പൊലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് എസിപി സക്കറിയ മാത്യു, സിഐ വിനോദ്, എസ്‌ഐ അനീഷ്, ഡാൻസാഫ് എസ്‌ഐ ജയകുമാർ, എഎസ്‌ഐ ബൈജു, പി ജെറോം, സി വി സജു എസ്, സീനു കെ, മനു ജി, രിപു ആർ, രതീഷ് റ്റി, എന്നിവരടങ്ങിയ സംഘമാണ് റെയ്‌ഡിൽ പങ്കെടുത്തത്.
Also read: ആംബുലൻസ് സർവീസിൻ്റെ മറവിൽ മയക്ക് മരുന്ന് കടത്ത്: കൊലക്കേസ് പ്രതി പിടിയിൽ