അഹമ്മദ്‌നഗർ (മഹാരാഷ്‌ട്ര): പഞ്ചാബ് പൊലീസിലെ ഉദ്യോഗസ്ഥന്‍റെ വാഹനത്തിൽ സ്ഫോടക വസ്‌തു സ്ഥാപിച്ചയാളെ മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് അഹമ്മദ്‌നഗർ ജില്ലയിലെ ഷിർദിയിൽ നിന്നും അറസ്റ്റ് ചെയ്‌തു. ശനിയാഴ്‌ച(20.08.2022) പുലർച്ചെ ഷിർദി നഗരത്തിൽ നടത്തിയ പരിശോധനയിലാണ് രാജേന്ദ്ര എന്നയാളെ അറസ്റ്റ് ചെയ്‌തത്. മഹാരാഷ്‌ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പഞ്ചാബ് പൊലീസുമായി ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ സംഘം പഞ്ചാബ് പൊലീസിന് കൈമാറി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അമൃത്‌സറിലെ രഞ്‌ജിത് അവന്യു പ്രദേശത്തെ സബ് ഇൻസ്‌പെക്‌ടർ ദിൽബാഗ് സിങ്ങിന്‍റെ കാറിൽ സ്‌ഫോടക വസ്‌തു ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് ഈ മാസം 16ന് പഞ്ചാബ് പൊലീസ് രണ്ടുപേരെ ഡൽഹിയിൽ നിന്നും അറസ്റ്റ് ചെയ്‌തിരുന്നു. പ്രതികളെ പിടികൂടാൻ പഞ്ചാബ് പൊലീസ് വിവിധ സംസ്ഥാനങ്ങളിലേക്ക് പൊലീസ് സംഘത്തെ അയച്ചിരുന്നു.