തിരുവനന്തപുരം: ആര്‍ഡിഒ കോടതിയിലെ തൊണ്ടി മുതലുകള്‍ മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. മുന്‍ സീനിയര്‍ സൂപ്രണ്ട് ശ്രീകണ്‌ഠന്‍ നായരാണ് പേരൂര്‍ക്കട പൊലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്‌ച പുലര്‍ച്ചെയാണ് പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്നും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
സാമ്പത്തിക പ്രയാസം വന്നപ്പോഴാണ് സ്വര്‍ണം മോഷ്‌ടിച്ചതെന്ന് പ്രതി പൊലീസില്‍ മൊഴി നല്‍കി. ലോക്കറില്‍ നിന്ന് സ്വര്‍ണം നഷ്‌ടമായ സംഭവത്തിന് പിന്നില്‍ ലോക്കറിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ തന്നെയാണെന്ന് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ പൊലീസിന് വ്യക്തമായിരുന്നു. സീനിയര്‍ സൂപ്രണ്ടുമാരാണ് തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്ന ലോക്കറിന്‍റെ താക്കോല്‍ കൈവശം വെക്കുന്നത്.
ഇത്തരത്തില്‍ സീനിയര്‍ സൂപ്രണ്ടുമാരായി ചുമതലയേല്‍ക്കുന്നവര്‍ തൊണ്ടി മുതലുകള്‍ തൂക്കി തിട്ടപ്പെടുത്തി രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഇതില്‍ ഗുരുതരമായ വീഴ്‌ചയുണ്ടായതിനാലാണ് മോഷണ വിവരം പുറത്തറിയാന്‍ വൈകിയത്. 2020 മാര്‍ച്ചിലാണ് ശ്രീകണ്‌ഠന്‍ നായര്‍ സീനിയര്‍ സൂപ്രണ്ടായത്.
2021 ഫെബ്രുവരിയില്‍ ഇതേ പദവിയില്‍ ഇരുന്ന് ജോലിയില്‍ നിന്ന് വിരമിക്കുകയും ചെയ്‌തു. പൊലീസിന്‍റെ വിശദമായ പരിശോധനയില്‍ 110 പവനും വെള്ളി ആഭരണങ്ങളും പണവുമാണ് മോഷണം പോയതെന്ന് കണ്ടെത്തി. ലോക്കറില്‍ നിന്ന് മോഷ്‌ടിച്ച സ്വര്‍ണം ചില സ്വകാര്യ സ്ഥാപനങ്ങളില്‍ പണയം വച്ചെന്നും കുറച്ച് സ്വര്‍ണം കടകളിലെത്തി നേരിട്ട് വില്‍പന നടത്തിയെന്നും പൊലീസ് കണ്ടെത്തി.
അറസ്റ്റ് ചെയ്‌ത പ്രതിയെ സ്വകാര്യ സ്ഥാപനങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. ലോക്കറില്‍ നിന്ന് തൊണ്ടി മുതല്‍ കാണാതായതിനെ തുടര്‍ന്ന് മെയ് 31നാണ് സബ് കലക്‌ടറുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തത്.
also read: മോഷ്‌ടിച്ച ബൈക്കുമായി കറങ്ങിനടന്ന പ്രതി പൊലീസ് പിടിയില്‍