പത്തനംതിട്ട : തിരുവല്ലയിൽ, ജോലി ചെയ്തതിന്‍റെ കൂലി ആവശ്യപ്പെട്ട തമിഴ്‌നാട് സ്വദേശിയായ കെട്ടിട നിര്‍മാണ തൊഴിലാളിയെ കരാറുകാരനും സഹോദരനും ചേര്‍ന്ന് മർദിച്ച് കൊലപ്പെടുത്തി. തമിഴ്‌നാട് മാര്‍ത്താണ്ഡം തക്കല സ്വദേശി സ്റ്റീഫൻ (40) ആണ് കൊല്ലപ്പെട്ടത്. മാര്‍ത്താണ്ഡം തക്കല സ്വദേശിയായ കരാറുകാരന്‍ സുരേഷ്‌കുമാര്‍ (44), സഹോദരന്‍ ആൽബിൻ ജോസ് (39) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്‌ച രാത്രിയാണ് സംഭവം. തിരുവല്ല കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്നയാളാണ് സ്റ്റീഫന്‍. ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം ചോദിക്കാന്‍ സ്റ്റീഫൻ രണ്ട് സുഹൃത്തുക്കളെയും കൂട്ടി ഇരുചക്ര വാഹനത്തിൽ കല്ലൂപ്പാറ എന്‍ജിനീയറിങ് കോളജ് റോഡില്‍ ചെറുമാത മാര്‍ത്തോമ പള്ളിക്ക് സമീപം സുരേഷ് താമസിക്കുന്ന വാടകവീട്ടില്‍ എത്തി. പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്റ്റീഫനെ സുരേഷും ജോസും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ചും കല്ലെറിഞ്ഞുമായിരുന്നു മർദ്ദനമെന്നാണ് വിവരം. അടി കൊണ്ട് സ്റ്റീഫന്‍ ബോധരഹിതനായി വീഴുന്നത് കണ്ട് ഒപ്പം വന്ന സുഹൃത്തുക്കള്‍ സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് പുലര്‍ച്ചെ നാല് മണിയോടെ കല്ലൂപ്പാറ റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന കീഴ്‌വായ്‌പൂര്‍ പൊലീസിനെ ഇവര്‍ വിവരം അറിയിച്ചു.
പൊലീസ് സ്ഥലത്തെത്തുമ്പോൾ സുരേഷ് താമസിക്കുന്ന വീടിന്‍റെ ഹാളിൽ സ്റ്റീഫൻ ബോധരഹിതനായി കിടക്കുകയായിരുന്നു. പൊലീസ് ഉടൻ ഇയാളെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്.പി ടി. രാജപ്പന്‍ റാവുത്തര്‍, കീഴ്‌വായ്പൂര്‍ ഇന്‍സ്‌പെക്ടര്‍ ജി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.