കൊല്ലം: തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന മായം കലർത്തിയ പാൽ ആര്യങ്കാവിൽ പിടികൂടി. പത്തനംതിട്ടയിലെ സ്വകാര്യ ഡയറി ഫാമിലേക്ക് കൊണ്ടുവന്ന 15,000 ലിറ്റർ പാലാണ് ക്ഷീര വികസന വകുപ്പ് പിടികൂടിയത്. അതിർത്തി സംസ്ഥാനങ്ങളിൽ നിന്നും മായം കലർത്തിയ പാൽ കേരളത്തിലേക്ക് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് ക്ഷീരവികസന വകുപ്പ് രാവിലെ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.
KL 31 L 9463 എന്ന ലോറിയിൽ കൊണ്ടുവന്ന 15,300 ലിറ്റർ പാലിൽ ഹൈഡ്രജൻ പെറോക്സൈഡിന്‍റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സാമ്പിൾ ശേഖരിച്ച ഉദ്യോഗസ്ഥർ മായം കലര്‍ത്തിയതായി കണ്ടെത്തിയ പാൽ ഒഴുക്കി കളഞ്ഞു. പന്തളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഗ്രി സോഫ്റ്റ് ഡയറി ഫാമിലേക്ക് എത്തിച്ചതാണ് പാലെന്ന് ലോറി ഡ്രൈവര്‍ അറിയിച്ചു.
അതേസമയം ക്ഷീര വികസന വകുപ്പിന്‍റെ റിപ്പോർട്ട് കിട്ടിയിട്ടില്ലെന്നാണ് കമ്പനി അറിയിക്കുന്നത്. നിശ്ചിത ഇടവേളകളിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പ്ലാന്‍റുകളിൽ പരിശോധന നടത്താറുണ്ടെന്നും ഇതുവരെ പാലിൽ യാതൊരു പ്രശ്‌നവും കണ്ടെത്തിയിട്ടില്ലെന്നുമാണ് ഫാമിന്‍റെ വിശദീകരണം.