എറണാകുളം: കാക്കനാട് ഫ്ലാറ്റിൽ യുവാവിനെ കൊലപ്പെടുത്തി ബെഡ്ഷീറ്റിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകത്തിന് കാരണം മയക്കുമരുന്നുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമെന്ന് മൊഴി നൽകി പ്രതി കെ.കെ അർഷാദ്. കൊല നടത്തിയത് ഒറ്റയ്ക്കാണെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റിൽ ഒപ്പം താമസിച്ചിരുന്ന മലപ്പുറം വണ്ടൂർ സ്വദേശി സജീവ് കൃഷ്‌ണയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ കോടതി ശനിയാഴ്‌ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
ലഹരി മരുന്ന് വാങ്ങാൻ സജീവിന് അർഷാദ് കടമായി പണം നൽകിയിരുന്നു. ലഹരി മരുന്ന് വിറ്റശേഷം പണം തിരികെ നൽകാൻ സജീവ് തയാറാകാത്തതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൃത്യം നിർവഹിച്ച ശേഷം ഒപ്പം താമസിച്ചിരുന്ന മറ്റൊരു സുഹൃത്ത് അംജദിന്‍റെ ഇരുചക്ര വാഹനത്തിലാണ് ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ടത്.
തുടർന്ന് കാലടിയിലെ ലോഡ്‌ജിൽ മുറിയെടുത്ത് വിശ്രമിച്ച ശേഷമാണ് മഞ്ചേശ്വരത്തേക്ക് പോയത്. ഇവിടെ നിന്നും മംഗളൂരുവിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പൊലീസ് പിടിയിലായത്.
അതേസമയം, കൊല്ലപ്പെട്ട സജീവ് കൃഷ്‌ണയുടെ കൈയിലുണ്ടായിരുന്ന 1.56 കിലോ കഞ്ചാവ്, 5.2 ഗ്രാം എംഡിഎംഎ, 104 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും പ്രതി അർഷാദ് എടുത്തിരുന്നു. ഇവ മംഗളുരുവിലെത്തിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. പയ്യോളിയിലെ തന്‍റെ സുഹൃത്തും ലഹരി സംഘത്തിലെ കണ്ണിയുമായ അശ്വന്തിനെയും അർഷാദ് കൂടെ കൂട്ടിയിരുന്നു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
എന്നാൽ അശ്വന്ത് കൊലപാതക വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊല നടത്തിയ ഫ്ലാറ്റിലും പ്രതി പോയ മൊബൈൽ ഷോപ്പിലും, സൂപ്പർ മാർക്കറ്റിലും എത്തിച്ച് ഇൻഫോപാർക്ക് പൊലീസ് തെളിവെടുപ്പ് നടത്തി. ഇവിടെയുള്ളവരെല്ലാം പ്രതിയെ തിരിച്ചറിഞ്ഞു. കൊലപാതകത്തിന് ശേഷം മുറി വൃത്തിയാക്കാൻ സൂപ്പർ മാർക്കറ്റിൽ എത്തിയായിരുന്നു ചൂലും ഫിനോളും വാങിയത്. പ്രതിയുടെ തെളിവെടുപ്പും ചോദ്യം ചെയ്യലും ഇന്നും തുടരും. ഈ മാസം 27 വരെയാണ് പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരമാണ് സജീവ് കൃഷ്‌ണയുടെ മൃതദേഹം ഇൻഫോപാർക്കിന് സമീപത്തെ ഫ്ലാറ്റില്‍ ബെഡ്ഷീറ്റില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സജീവ് ഉള്‍പ്പടെ നാല് പേരാണ് ഇവിടെ ഒരുമിച്ച് താമസിച്ചിരുന്നത്. ഇതില്‍ രണ്ട് പേര്‍ വിനോദയാത്ര പോയ സമയത്തായിരുന്നു കൂടെ താമസിച്ചിരുന്ന പയ്യോളി സ്വദേശി അർഷാദ് സജീവ് കൃഷ്‌ണയെ കൊലപ്പെടുത്തിയത്.