എറണാകുളം: ഗിരിനഗറിൽ കൊല്ലപ്പെട്ട സ്ത്രീ നേപ്പാൾ സ്വദേശിയാണെന്ന് സംശയിക്കുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു. ഇത് സ്ഥിരീകരിക്കുന്നതിനായി കാത്തിരിക്കുകയാണ്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മൃതദേഹം വെട്ടി മുറിച്ചുവെന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മൃതദേഹം കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ഭർത്താവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇയാളും നേപ്പാൾ സ്വദേശിയാണ്. താത്‌കാലികമായ പ്രാദേശിക മേൽ വിലാസമായിരുന്നു ഇവർ നൽകിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് വർഷത്തോളമായി ഇവർ കൊച്ചിയിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇവരുടെ പിന്നാമ്പുറം അന്വേഷിച്ച് വരികയാണ്. ഒളിവിൽ പോയ ഭർത്താവിനെ കണ്ടെത്തിയാൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാവുകയുള്ളു എന്നും സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞു.
ഇലന്തൂർ നരബലിക്കേസിലെ പ്രതികരണം: ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് കടവന്ത്ര പൊലീസ് രജിസ്റ്റർ ചെയ്‌ത പത്മ വധക്കേസിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാധ്യതയില്ല. റോസ്‌ലി വധക്കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന ഫലം ലഭിച്ചതിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സാംപിൾ കൂടുതലായതിനാലാണ് പരിശോധനാഫലം ലഭിക്കാൻ വൈകുന്നത്. റോസ്‌ലി കേസിൽകൂടി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും സി എച്ച് നാഗരാജു പറഞ്ഞു.
Also read: കൊച്ചിയിലെ യുവതിയുടെ കൊലപാതകം : ഭർത്താവിനായുള്ള തെരച്ചിൽ ഊർജിതം