എറണാകുളം: കൊച്ചി കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 26 പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അമ്പതായി. അറസ്റ്റിലായവരെ ഇന്ന് കോലഞ്ചേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ആക്രമണത്തിൽ 12 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആക്രമണത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പടെയുള്ള വകുപ്പുകളാണ് പ്രതികൾക്കതിരെ ചുമത്തിയത്. സംഘർഷവുമായി ബന്ധപ്പെട്ട് 156 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Also Read: കിഴക്കമ്പലം ഇതര സംസ്ഥാന തൊഴിലാളികളുടെ അക്രമം : 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി
കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ കുന്നത്താട് സിഐ ഷാജൻ ഉൾപ്പടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഇവർ കോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രണ്ട് പൊലീസ് വാഹനവും അക്രമികൾ തകർത്തിരുന്നു.
ക്രിസ്‌മസ് ആഘോഷത്തിനിടെ കിറ്റെക്സിൽ അന്യസംസ്ഥാനത്തൊഴിലാളികൾ സംഘർഷാവസ്ഥ സൃഷ്ടിച്ചതിനെ തുടർന്ന് നിയന്ത്രിക്കാൻ എത്തിയ പൊലീസുകാരാണ് ആക്രമണത്തിനിരയായത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിൽ ശനിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ സംഘർഷമുണ്ടായത്.