മലപ്പുറം: പ്രായപൂർത്തിയാകാത്ത മകളെ ആവർത്തിച്ച് ബലാത്സംഗം ചെയ്‌ത് ഗർഭിണിയാക്കിയ കേസിൽ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ. ബലാത്സംഗം, ക്രൂരമായ ലൈംഗികാതിക്രമം എന്നീ കുറ്റകൃത്യങ്ങൾക്ക് മഞ്ചേരി പോക്‌സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം കൂടാതെ 6.6 ലക്ഷം രൂപ പിഴ ഒടുക്കാനും കോടതി വിധിയിൽ പറഞ്ഞിട്ടുണ്ട്.
2021 മാർച്ചിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് പിതാവ് മകളെ ബലാത്സംഗം ചെയ്‌തത്. അമ്മ വീട്ടിലില്ലാത്ത സമയം നോക്കി അന്ന് 15 വയസ് മാത്രം ഉണ്ടായിരുന്ന പെൺകുട്ടിയെ പ്രതി കിടപ്പുമുറിയിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടി എതിർത്തപ്പോൾ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
പ്രതി മുൻപ് മദ്രസ അധ്യാപകനായിരുന്നു. 2022ൽ സ്‌കൂളിൽ വച്ച് പല തവണ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്. ശേഷം കുറ്റകൃത്യം നടത്തിയത് പിതാവാണെന്നും പെൺകുട്ടി വെളിപ്പെടുത്തി. സംഭവത്തിൽ മകളെ ബലാത്സംഗം ചെയ്‌തതിന് പൊലീസ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു.
പെൺകുട്ടി പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുന്ന ഡിഎൻഎ റിപ്പോർട്ട് കേസിൽ പ്രതിയ്‌ക്ക് ശിക്ഷ വിധിക്കുന്നതിൽ സുപ്രധാന തെളിവായിരുന്നു.