കൊല്ലം: പൊലീസ് കസ്റ്റഡിയിലെടുത്ത കേരള കോൺഗ്രസ് മാണി വിഭാഗം നേതാവ് സ്റ്റേഷനുള്ളിൽ അക്രമം നടത്തി. കേരള കോൺഗ്രസ് മാണി വിഭാഗം ജില്ല വൈസ് പ്രസിഡന്റ് ക്ലീറ്റസാണ് കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിലെ സാധനങ്ങൾ എറിഞ്ഞ് തകർത്തത്.
സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐയുടെ വീടിന് മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും വഴി തടസപ്പെടുത്തിയതിനും ബുധനാഴ്‌ച വൈകിട്ടാണ് ക്ലീറ്റസിനെ കസ്റ്റഡിയിലെടുത്തത്.
Also Read:മാസ്‌ക് ധരിച്ചില്ല, വീട്ടമ്മയെ പൊലീസുകാരൻ ഭീഷണിപ്പെടുത്തി മാസങ്ങളോളം പീഡിപ്പിച്ചതായി പരാതി
സി.ഐയുടെ റൂമിലെ രണ്ട് കസേരകളും ടോർച്ച് ലൈറ്റും ആണ് ഇയാൾ അടിച്ചുതകർത്തത്. ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘിച്ച് സമരം നടത്തിയതിന് ക്ലീറ്റസ് ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
തനിക്കെതിരെ കേസെടുത്തെന്ന് ആരോപിച്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ഗംഗാധരൻ തമ്പിയെ ആണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. തുടർന്ന് ഗംഗാധരൻ തമ്പി വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് ക്ലീറ്റസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതി മദ്യലഹരിയിലായിരുന്നെന്നും ഇയാളുടെ കാറിൽനിന്ന് വാറ്റ് ചാരായം ഉൾപ്പെടെ കണ്ടെത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കിഴക്കേകല്ലട മുൻ പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ക്ലീറ്റസ് സി.പി.ഐ വിട്ടാണ് കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ എത്തിയത്.
പൊതുമുതൽ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനും ക്ലീറ്റസിനെതിരെ കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തതായി സി.ഐ രാജേഷ് കുമാർ അറിയിച്ചു.