കാസർകോട്: പ്രമാദമായ ചെക്കിപ്പള്ളത്തെ സുബൈദ(60) കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒന്നാം പ്രതി കുഞ്ചാർ കൊട്ടക്കണ്ണി സ്വദേശി കെഎം അബ്‌ദുൾ ഖാദറിനാണ് (30) കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയും അടക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.
കാസർകോട് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്‌ജി സി.കൃഷ്‌ണകുമാറാണ് ശിക്ഷ വിധിച്ചത്. വീട്ടിൽ വെള്ളം ചോദിച്ചെത്തിയ പ്രതികൾ സുബൈദയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കൊലപാതകം, ഭവനഭേദനം, മോഷണം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്.
കേസിൽ മൂന്നാം പ്രതിയായിരുന്ന കാസർകോട് മാന്യ സ്വദേശി ഹർഷാദി (34)നെ കോടതി വെറുതെവിട്ടിരുന്നു. രണ്ടാം പ്രതി കർണാടക സ്വദേശി അസീസ് പൊലീസ് കസ്‌റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇയാളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. നാലാം പ്രതി കുതിരപ്പാടി സ്വദേശി പി അബ്‌ദുൾ അസീസിനെ കേസിൽ മാപ്പുസാക്ഷിയാക്കിയിരുന്നു.
കൊലപ്പെടുത്തിയത് വെള്ളമെടുക്കാന്‍ പോയപ്പോൾ: 2018 ജനുവരി 17-നാണ് റോഡരികിലെ വീട്ടിൽ സുബൈദയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്കായിരുന്നു സുബൈദ താമസിച്ചിരുന്നത്. തൊട്ടടുത്ത ക്വാര്‍ട്ടേഴ്‌സ് നോക്കാനെന്ന വ്യാജേന സുബൈദയുടെ വീട്ടിലെത്തിയ പ്രതികള്‍ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോവുകയായിരുന്ന സുബൈദയെ ഫോര്‍മിക് ആസിഡ് മണിപ്പിച്ച് മൂക്കും വായയും പൊത്തിപ്പിടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയപ്പോൾ വീടിന്‍റെ മുൻവശത്തെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയിരുന്നു.
സുബൈദയുടെ 27 ഗ്രാം സ്വർണാഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു. സ്വർണാഭരണങ്ങൾ വിറ്റ് കിട്ടിയ 1.18 ലക്ഷം രൂപ വീതംവച്ച് പ്രതികൾ ബെംഗളൂരുവിലേക്ക് കടന്നു. പ്രതികൾ വാടകയ്ക്ക് എടുത്ത കാറും കൊല നടത്തിയ ദിവസം അസീസിന്‍റെ ഫോണിൽ വന്ന മൊബൈൽ സേവനദാതാവിന്‍റെ സന്ദേശവുമാണ് പ്രതികളിലേക്ക് പൊലീസിനെ എത്തിച്ചത്.
അന്വേഷണത്തിലെ വഴിത്തിരിവ്: കൊല്ലപ്പെട്ട സുബൈദയുടെ വീട്ടിലെ മേശപ്പുറത്ത് പാതി കുടിച്ചുവച്ച നാരങ്ങാവെള്ളം അക്രമികൾ സുബൈദക്ക് മുൻപരിചയം ഉള്ളവരായിരുന്നിരിക്കാമെന്ന നിലയിൽ അന്വേഷണത്തിന് വഴിത്തിരിവായി. പിന്നീട് വെള്ളക്കാറിലാണ് സംഘം എത്തിയതെന്നും കൊല നടത്തിയതിനുശേഷം ബെംഗളൂരുവിലേക്ക് കടന്നെന്നും കണ്ടെത്തി.
വീടിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് ആസിഡ് കുപ്പിയും കൈകാലുകൾ കെട്ടിയിട്ട തുണിയുടെ ബാക്കിയും പൊലീസ് കണ്ടെത്തിയിരുന്നു. അന്ന് ജില്ലാ പോലീസ് മേധാവിയായിരുന്ന കെ.ജി സൈമൺ, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി.യായിരുന്ന കെ.ദാമോദരൻ എന്നിവരുടെ മേൽനോട്ടത്തിൽ ഇൻസ്പെക്‌ടർമാരായിരുന്ന വി.കെ.വിശ്വംഭരൻ, സി.കെ.സുനിൽകുമാർ, സി.എ.അബ്‌ദുൾറഹീം എന്നിവരാണ് അന്വേഷണം നടത്തിയത്. ബേക്കൽ ഇൻസ്പെക്‌ടർ ആയിരുന്ന വിശ്വംഭരനായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷന് വേണ്ടി ജില്ല പബ്ലിക് പ്രോസിക്യൂട്ടർ കെ ദിനേശ്‌കുമാർ ഹാജരായി.