കാസർകോട്: കാസർകോട് ഹൊസങ്കടി അയ്യപ്പ ക്ഷേത്രത്തിൽ മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മഞ്ചിബയൽ സ്വദേശി ലക്ഷ്‌മിഷനാണ് അറസ്‌റ്റിലായത്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് അറസ്‌റ്റിലായ ലക്ഷ്‌മിഷനെന്ന് പൊലീസ് പറഞ്ഞു.
മഞ്ചിബയിലിലുള്ള വീട്ടിൽ നിന്നാണ് ലക്ഷ്‌മിഷനെ പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്ന് മോഷ്‌ടിച്ച പണം ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. എന്നാൽ തുക എണ്ണി തിട്ടപ്പെടുത്തിയിട്ടില്ല.
പ്രതിയെ കൂടുതൽ ചോദ്യം ചെയ്‌തു വരികയാണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം (20.08.2022) പുലർച്ചെയാണ് ഇയാൾ മോഷണം നടത്തിയത്. ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും ഇയാൾ മോഷ്‌ടിച്ചിരുന്നു. എന്നാൽ വിഗ്രഹം പിന്നീട് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി. ഇയാൾ ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്.