കാസർകോട്: ബദിയടുക്ക ഏൽക്കാനയിലെ യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലം സ്വദേശി നീതുവാണ് കൊല്ലപ്പെട്ടത്. നീതുവിന്‍റെ കഴുത്തിൽ തുണി മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നിഗമനം.
കഴുത്തിൽ മുറിവേറ്റ പാടുണ്ട്. കൊലപാതകത്തിന് പിന്നിൽ ഭർത്താവ് പുൽപ്പള്ളി സ്വദേശി ആന്‍റോയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാൾ ഒളിവിലാണ്. എന്നാൽ കേരളത്തിൽ തന്നെ ഇയാൾ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ നാലുവർഷമായി ആന്‍റോയും നീതുവും ഒരുമിച്ചാണ് താമസം. വയനാട്ടിൽ സ്ഥിരതാമസക്കാരായ ഇവർ റബർ തോട്ടത്തിലെ ടാപ്പിംഗ് ജോലിക്കായാണ് ഏൽക്കാനത്തെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസമായി ഇവരെ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഇതേതുടർന്നാണ് നാട്ടുകാർ താമസസ്ഥലത്തെത്തി അന്വേഷിച്ചത്.
ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ വീട്ടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് നീതുവിന്‍റെ മൃതദേഹം തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടായിരുന്നു. ബദിയടുക്ക പൊലീസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോറൻസിക് വിദഗ്‌ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.