കാസർകോട്: കുമ്പള ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂൾ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞുള്ള സംഘട്ടനം നാടിന് തലവേദനയാകുന്നു. സ്കൂൾ വിട്ടുകഴിഞ്ഞാൽ വൈകുന്നേരങ്ങളിൽ കുമ്പള ടൗണിൽ വിദ്യാർഥികളുടെ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലുണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം നടന്ന കൂട്ടയടിയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.
നിസാര പ്രശ്‌നങ്ങളെ ചൊല്ലിയാണ് ഇവര്‍ സംഘങ്ങളായി തിരിഞ്ഞ് അടികൂടുന്നത്. പുറത്തുനിന്ന് പൂർവ വിദ്യാർഥികൾ കൂടി ഒപ്പം ചേരുന്നതോടെ വലിയ സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സംഭവത്തില്‍ ആശങ്കയുണ്ടെന്നും നാട്ടുകാർ പറയുന്നു. സ്കൂൾ കോമ്പൗണ്ടിന് പുറത്താണ് അടി നടക്കുന്നത് എന്നതിനാൽ പിടിഎയ്ക്കും അധ്യാപകർക്കും ഇടപെടാൻ പരിമിതിയുണ്ടന്നാണ് സ്കൂളിന്‍റെ വിശദീകരണം.
സംഘട്ടനത്തിനിടയില്‍ വ്യാപാരികളും, ഓട്ടോ ഡ്രൈവർമാരുമാണ് വിദ്യാർഥികളെ പിടിച്ചു മാറ്റുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്നത്. ക്ലാസ് കഴിഞ്ഞാൽ സ്കൂൾ പരിസരങ്ങളിൽ നിന്നും ടൗണിൽ നിന്നും പിരിഞ്ഞു പോകാത്ത വിദ്യാർഥികളാണ് പലപ്പോഴും ഇത്തരത്തിൽ തമ്മിൽ ചേരിതിരിഞ്ഞ് അടിപിടിയിൽ ഏർപ്പെടുന്നതെന്ന് ഇവർ പറയുന്നു. ബുധനാഴ്ച (12.10.2022) വൈകീട്ട് നടന്ന സംഘർഷത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റിട്ടുണ്ട്. പിന്നീട് പൊലീസെത്തി ഇവരെ ഓടിക്കുകയായിരുന്നു.
സ്കൂൾ വിടുന്ന സമയത്ത് ടൗണിൽ പൊലീസിനെ വിന്യസിക്കണമെന്ന് രക്ഷിതാക്കളും വ്യാപാരികളും ആവശ്യപ്പെട്ടിട്ടുണ്ട്.