ഹൈദരാബാദ് : തൊഴില്‍ വാഗ്‌ദാനം നല്‍കി ഐടി കമ്പനി യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തതായി പരാതി. ഹൈദരാബാദ് ടെക്‌നോസിറ്റിയില്‍ കമ്പനി തുറന്നാണ് തൊഴില്‍ രഹിതരായ യുവാക്കളില്‍ നിന്ന് 15 കോടിയോളം രൂപ തട്ടിയെടുത്തത്. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് കമ്പനി പ്രതിനിധികളായ ആറ് പേര്‍ക്കായുള്ള തിരച്ചിലിലാണ്.
ഹൈദരാബാദ് കൊണ്ടാപുരില്‍ ഇന്നോഹബ് ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് കമ്പനി സ്ഥാപിച്ചത്. തുടര്‍ന്ന് തങ്ങളുടെ സ്ഥാപനത്തില്‍ സോഫ്‌റ്റ്‌വെയര്‍ ജോലി ഒഴിവുകളുണ്ടെന്ന പരസ്യവും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് അപേക്ഷിച്ച ഉദ്യോഗാര്‍ഥികളില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് കമ്പനി തന്നെ ഓഫര്‍ ലെറ്ററും കൈമാറി.
രണ്ട് മാസത്തെ പരിശീലത്തിനായി മൂന്ന് ലക്ഷം രൂപവരെയാണ് കമ്പനി ഉദ്യോഗാര്‍ഥികളോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം ഭൂരിഭാഗം പേരും പണം അടയ്‌ക്കുകയായിരുന്നു. രണ്ട് മാസം ഓണ്‍ലൈനായാണ് കമ്പനി പരിശീലനം നടത്തിയിരുന്നത്.
പരിശീലന കാലയളവിൽ ശമ്പളം നൽകുന്നതിനുപുറമെ, ചില ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയുന്ന തരത്തിൽ ലാപ്‌ടോപ്പുകളും നൽകിയിരുന്നു. ഒരാഴ്‌ച മുന്‍പ് കമ്പനിയുടെ വെബ്‌സൈറ്റും ഇമെയിലുകളും പൂർണമായും ബ്ലോക്ക് ചെയ്‌തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന് ശേഷമാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 60 പേര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് മധാപൂർ ഇൻസ്പെക്‌ടര്‍ രവീന്ദ്ര പ്രസാദ് പറഞ്ഞു.