ഇൻഡോർ (മധ്യപ്രദേശ്): അമിതവേഗത്തിലെത്തിയ വാഹനം തടയാൻ ശ്രമിച്ച ട്രാഫിക് പൊലീസിനെ ഇടിച്ച് ബോണറ്റിലാക്കി വാഹനവുമായി കടന്നുകളയാൻ ശ്രമിച്ച പ്രതി പൊലീസ് പിടിയിൽ. വാഹനം ഇടിച്ചതിനെ തുടർന്ന് ബോണറ്റിലേക്ക് വീണ ഉദ്യോഗസ്ഥനുമായി വാഹനം നാല് കിലോമീറ്ററോളം സഞ്ചരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ലസുദിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ക്രോസ്റോഡിലാണ് സംഭവം.
അമിത വേഗതയിൽ ഫോണിൽ സംസാരിച്ചെത്തിയയാളെ ട്രാഫിക് പൊലീസ് കൈ കാണിച്ച് തടയാൻ ശ്രമിച്ചു. എന്നാല്‍ കാർ നിർത്താതെ ഇയാള്‍ ട്രാഫിക് പൊലീസുകാരനെ ഇടിച്ചുതെറിപ്പിച്ച് മുന്നോട്ടുപോകാൻ നോക്കി. ഇടി കൊണ്ട് കാറിന്‍റെ ബോണറ്റിലേക്ക് വീണ ഉദ്യോഗസ്ഥൻ താഴേക്ക് വീഴാതിരിക്കാൻ അവിടെ പിടിച്ചുകിടന്നു. പക്ഷേ കാറുകാരന്‍ വാഹനം നിര്‍ത്താന്‍ കൂട്ടാക്കാതെ അത്യന്തം അപകടകരമാംവിധം ഓടിച്ചുപോവുകയായിരുന്നു.
ഇതോടെ സ്ഥലത്തുണ്ടായിരുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തെ പിന്തുടർന്ന് തടഞ്ഞുനിർത്തി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുകയും ഡ്രൈവറെ പിടികൂടുകയും ചെയ്‌തു. കാറിൽ നിന്ന് തോക്ക് പിടിച്ചെടുത്തിട്ടുണ്ട്. ഡ്രൈവർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു