ഹുബ്ബള്ളി (കർണാടക): ജാക്ക്പോട്ട് വിജയിച്ച തുക കൈക്കലാക്കാൻ സുഹൃത്തിനെ തട്ടിക്കൊണ്ടുപോയ ഏഴ് യുവാക്കളെ കർണാടക പൊലീസ് അറസ്റ്റ് ചെയ്‌തു. ഹുബ്ബള്ളി സ്വദേശികളായ മഹ്മൂദ് ആരിഫ്, ഇമ്രാൻ, അബ്‌ദുൽ കരീം, ഹുസൈൻ സാബ്, ഇമ്രാൻ മദാറലി, തൗസിഫ്, മുഹമ്മദ് റസാഖ് എന്നിവരാണ് അറസ്റ്റിലായത്.
ബെലഗാവിയിലെ കിട്ടൂർ പ്രദേശത്താണ് ഞെട്ടിക്കുന്ന സംഭവം. ഗരീബ് നവാസ് മുല്ല എന്ന എൻജിനീയറിംഗ് വിദ്യാർഥിയെയാണ് ഏഴ് സുഹൃത്തുക്കൾ ചേർന്ന് തട്ടിക്കൊണ്ടുപോയത്.
സംഭവം ഇങ്ങനെ: റിപ്പോർട്ടുകൾ പ്രകാരം നവാസ് മുല്ലയുടെ സുഹൃത്തായ ദിലാവറിന് ഓൺലൈൻ കാസിനോ ഗെയിമിൽ 11 കോടി സമ്മാനം ലഭിച്ചു. താൻ പണം ധാരാളമായി ചെലവഴിക്കുന്നതിനാൽ സമ്മാനത്തുക സൂക്ഷിക്കാൻ ദിലാവർ നവാസിനെ ഏൽപ്പിച്ചു.
ഈ വാർത്ത അറിഞ്ഞ നവാസിന്‍റെ സുഹൃത്തുക്കൾ ഓഗസ്റ്റ് 6ന് ഗോകുൽ റോഡിലുള്ള ഡെക്കാത്‌ലോൺ സ്റ്റോറിൽ നിന്നും നവാസിനെ തട്ടിക്കൊണ്ടുപോയി. തുടർന്ന് യുവാക്കൾ നവാസിന്‍റെ അച്ഛനെ ബന്ധപ്പെടുകയും മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെടുകയും ചെയ്‌തു. യുവാക്കളുമായി വിലപേശിയ നവാസിന്‍റെ അച്ഛൻ 15 ലക്ഷം രൂപ നൽകാമെന്ന് സമ്മതിച്ചു.
എന്നാൽ അദ്ദേഹം ബെണ്ടിഗേരി പൊലീസ് സ്റ്റേഷനിൽ മകനെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പിടികൂടാൻ ഹുബ്ബള്ളി ധാർവാഡ് പൊലീസ് കമ്മീഷണർ ലാബുറാം നാല് പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.