ഗുര്‍ദാസ്‌പുര്‍ (പഞ്ചാബ്): പ്രായപൂര്‍ത്തിയാകാത്ത മകളെ പിതാവ് പീഡിപ്പിച്ചു. പഞ്ചാബ് ഗുര്‍ദാസ്‌പുരിലെ ദിനനഗർ പട്ടണത്തിനടുത്താണ് സംഭവം. ഭാര്യയുമായി പിണങ്ങിക്കഴിയുന്നയാളാണ് സ്വന്തം മകളെ നിരന്തരം പീഡനത്തിനിരയാക്കിയിരുന്നത്. പെണ്‍കുട്ടി സംഭവം സഹോദരനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകമറിയുന്നത്.
കഴിഞ്ഞ രണ്ട് മാസമായി പ്രായപൂർത്തിയാകാത്ത തന്റെ സഹോദരിയെ പിതാവ് ബലാത്സംഗം ചെയ്‌തിരുന്നതായി യുവാവ് തനിക്ക് പരാതി നൽകിയതായി ദിനാനഗർ പൊലീസ് സ്‌റ്റേഷൻ എസ്എച്ച്ഒ കപിൽ കൗശൽ അറിയിച്ചു. പരാതിയെത്തുടര്‍ന്ന് പ്രതിയായ പിതാവിനെ പൊലീസ് അറസ്‌റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് പെണ്‍കുട്ടിയുടെ സഹോരന്‍ പറയുന്നതിങ്ങനെ: അച്ഛനും അമ്മയുമായി വീട്ടിൽ വഴക്കുണ്ടായതിനെത്തുടര്‍ന്ന് അമ്മ തങ്ങളെ ഉപേക്ഷിച്ച് മുത്തശ്ശിയുടെ വീട്ടിലേക്ക് പോയി. ഇതോടെ അച്ഛനും സഹോദരിയും താനും ഒരുമിച്ചാണ് വീട്ടിൽ താമസിച്ചിരുന്നത്.
മദ്യപാനിയായിരുന്ന പിതാവ് നിത്യേന സഹോദരിയെ ബലാത്സംഗം ചെയ്തതോടെ അവര്‍ സഹോദരനോട് സംഭവം അറിയിക്കുകയായിരുന്നു. ഇതറിഞ്ഞതോടെ സഹോദരന്‍ അടുത്തുള്ള ദിനനഗർ പൊലീസ് സ്‌റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതിയായ പിതാവിനെ അറസ്‌റ്റ് ചെയ്യുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്‌തു. പീഡനത്തിനിരയായ പെൺകുട്ടി ചികിത്സയിലാണ്.