ഗുണ്ടൂർ (ആന്ധ്രാപ്രദേശ്): മൂന്നാം വർഷ ബിഡിഎസ് വിദ്യാർഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. മണികൊണ്ട സ്വദേശിയും ഐടി ജീവനക്കാരനുമായ ജ്ഞാനേശ്വറാണ് യുവതിയെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പ്രണയത്തിൽ നിന്ന് പിന്മാറി എന്നാരോപിച്ചായിരുന്നു കൊലപാതകം.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് സംഭവം. സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ജ്ഞാനേശ്വർ യുവതിയുടെ കഴുത്ത് മുറിക്കുകയായിരുന്നു. തുടർന്ന് യുവാവ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരും തമ്മിൽ രണ്ട് വർഷം മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും സൗഹൃദത്തിലാവുകയായിരുന്നു. പിന്നീട് ഇരുവരും തർക്കത്തിലേർപ്പെടുകയും തപസ്വി ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയും ചെയ്‌തു. വീണ്ടും യുവാവ് തപസ്വിയെ ശല്യപ്പെടുത്തിയതോടെ യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇയാളിൽ നിന്ന് പിന്നീടും പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നതോടെ തപസ്വി സുഹൃത്തിനോട് കാര്യം പറഞ്ഞു. ഒരാഴ്‌ചയോളം പെൺകുട്ടി സുഹൃത്തിന്‍റെ വീട്ടിലായിരുന്നു താമസിച്ചത്. തുടർന്ന്, പെൺകുട്ടിയുടെ സുഹൃത്ത് ഒത്തുതീർപ്പിനായി ജ്ഞാനേശ്വറിനെ സുഹൃത്തിന്‍റെ വീട്ടിൽ വിളിച്ചുവരുത്തി. മൂവരും വീട്ടിൽ ഇരുന്ന് സംസാരിച്ചുകൊണ്ടിരിക്കെ മറ്റൊരു യുവാവിനെ വിവാഹം കഴിക്കുമെന്ന് ജ്ഞാനേശ്വറിനോട് തപസ്വി പറഞ്ഞു. ഇതിൽ പ്രകോപിതനായ യുവാവ് കയ്യിൽ കരുതിയ സർജിക്കൽ ബ്ലേഡ് എടുത്ത് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
പെൺകുട്ടിയുടെ സുഹൃത്ത് തടയാൻ ശ്രമിച്ചപ്പോൾ യുവാവ് തപസ്വിയെ റൂമിലേക്ക് വലിച്ചിഴച്ച് വാതിൽ അടച്ചു. സുഹൃത്തിന്‍റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് വാതിൽ പൊളിച്ച് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പ്രതിയെ നാട്ടുകാർ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്‌തു. വിജയവാഡയിലെ മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥിയാണ് തപസ്വി.