ബുദൌൻ (ഉത്തർപ്രദേശ്) : മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി ചെറുമകൻ. ഹിമേഷ് (20) എന്ന യുവാവാണ് വൃദ്ധ ദമ്പതികളായ പ്രേംശങ്കറിനെയും (65), ഭാര്യ ഭവാൻ ദേവിയെയും (60) ജൂൺ 22ന് കൊലപ്പെടുത്തിയത്.
മക്കളും വൃദ്ധദമ്പതികളും ഡൽഹിയിലാണ് താമസിച്ചിരുന്നത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി ഇവർ ചെറുമകൻ ഹിമേഷിനൊപ്പം ദാമ്രി ഗ്രാമത്തിലേക്ക് വന്നു. ഇവിടെ വച്ച് മദ്യം വാങ്ങാനുള്ള പണത്തെച്ചൊല്ലി തർക്കമുണ്ടാകുകയും ദമ്പതികളെ കൊലപ്പെടുത്തുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹങ്ങൾ രണ്ട് മുറികളിൽ ഒളിപ്പിക്കുകയായിരുന്നു. മക്കളുടെ പൂട്ടിക്കിടന്ന വീടിനുള്ളിൽ നിന്നാണ് ദമ്പതികളുടെ മൃതദേഹങ്ങൾ ഭാഗികമായി അഴുകിയ നിലയിൽ ബന്ധുക്കൾ കണ്ടെടുത്തത്. തുടർന്ന് മൃതദേഹങ്ങൾ പൊലീസ് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഹിമേഷ് മദ്യപാനിയാണ്, മദ്യം വാങ്ങാൻ പണത്തിനായി കുടുംബാംഗങ്ങളുമായി വഴക്കിടാറുണ്ടായിരുന്നു എന്നും പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതി സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പൊലീസ് എഫ്‌ഐആർ രേഖപ്പെടുത്തി. അന്വേഷണം പുരോഗമിക്കുകയാണ്.
Also read: 3 വയസുകാരിയെ കാണാനില്ല ; 7 വയസുകാരൻ തട്ടിക്കൊണ്ടുപോയെന്ന് പരാതി