തൃശ്ശൂർ: ഗുരുവായൂർ തമ്പുരാൻ പടിയിൽ വൻ സ്വർണ കവർച്ച. മൂന്ന് കിലോ സ്വർണവും രണ്ടു ലക്ഷം രൂപയും നഷ്‌ടപ്പെട്ടു. സ്വർണ വ്യാപാരി കുരഞ്ഞിയൂർ ബാലന്‍റെ വീട്ടിലാണ് കവർച്ച നടന്നത്. വിപണിയിൽ ഒന്നേ മുക്കാൽ കോടി വില വരുന്ന സ്വർണമാണ് നഷ്‌ടപ്പെട്ടതെന്നാണ് വിവരം.
പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി: രാത്രി ഏഴരക്കും എട്ടിനും ഇടയിലാണ് കവർച്ച നടന്നത്. തൊപ്പി വെച്ച ഒരാൾ നടക്കുന്നത് വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലുണ്ട്. ബാലനും ഭാര്യയും സിനിമ കാണാൻ പുറത്ത് പോയ സമയത്താണ് മോഷണം നടന്നത്. ഡ്രൈവർ ബിജുവും ഇവരോടൊപ്പം ഉണ്ടായിരുന്നു.
തിരിച്ചെത്തിയപ്പോൾ മുകളിലത്തെ നിലയിലെ വാതിൽ പൂട്ടു തകർത്ത നിലയിൽ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണ വിവരം അറിഞ്ഞത്. ബാലനും ഭാര്യയും 5 വർഷമായി ഗുരുവായൂരിലാണ് താമസം. അതിന് മുൻപ് വർഷങ്ങളോളം അജ്‌മാനിൽ ബിസിനസ് നടത്തി വരികയായിരുന്നു.
മക്കളിൽ ഒരാൾ വിദേശത്തും ഒരാൾ തൃശൂരിലുമാണ് താമസം. ബാലനും ഭാര്യക്കും പുറമെ ഡ്രൈവറും സഹായിയുമാണ് വീട്ടിൽ ഉള്ളത്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ പെയിന്റിംഗ് ഉൾപ്പെടെയുള്ള ജോലികൾക്ക് എത്തിയവരുടെയും മൊഴി എടുക്കും.
വീട്ടിലെ സിസിടിവി ദൃശ്യത്തിൽ ഒരാളുടെ ദൃശ്യമേ പതിഞ്ഞുള്ളൂവെങ്കിലും മോഷണ സംഘത്തിൽ കൂടുതൽ പേർ ഉണ്ടാകാമെന്നാണ് പൊലീസ് നിഗമനം. ഈ സാഹചര്യത്തിൽ സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.