വാഷിങ്ടണ്‍: ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ സംവിധായകന്‍ പോള്‍ ഹാഗിസിനെതിരെ പീഡനാരോപണവുമായി ടെലിവിഷന്‍ സംവിധായക. 2015ലെ ടൊറോണ്‍ടോ അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ തന്നെ പോള്‍ ഹാഗിസ് ആക്രമിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തുവെന്ന് അവര്‍ സാക്ഷ്യപ്പെടുത്തി. ഇതോടെ സംവിധായകനെതിരെ പീഡനാരോപണവുമായി എത്തുന്നത് നാലാമത്തെ യുവതിയാണ്.
2019ല്‍ നടന്ന അതിക്രമം മുതല്‍ പരാതിക്കാരി ശാരീരികമായും മാനസികമായും ഭീഷണി നേരിട്ടതായി ലോവര്‍ മാന്‍ഹട്ടണ്‍ കോടതി കണ്ടെത്തി. ചലച്ചിത്ര മേള നടക്കുന്ന സമയം തന്നെ പിന്തുടരുകയും തന്‍റെ അപ്പാര്‍ട്‌മെന്‍റില്‍ എത്തിയപ്പോള്‍ ഹാഗിസ് തന്നെ ലൈംഗികമായി ആക്രമിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ പറയുന്നു. ഇതുവരെയും പേര് വെളിപ്പെടുത്താത്ത ഒരു ബ്രിട്ടീഷ് വനിത ഹാഗിസിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്ന് ഇയാള്‍ പൊലീസ് തടങ്കലിലായിരുന്നു. ഇറ്റലിയിലെ ഓസ്‌ടുണിയിലെ ടൂറിസ്‌റ്റ് ടൗണില്‍ വച്ച് നടന്ന ആര്‍ട് ഫെസ്‌റ്റിവലില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ സമ്മതമില്ലാതെ, തന്നെ രണ്ട് തവണ പീഡിപ്പിച്ചുവെന്ന് യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഹാഗിസ് ശിക്ഷയനുഭവിക്കുന്നത്.
ഇറ്റലിയില്‍ നടന്ന ആര്‍ട് ഫെസ്‌റ്റിവലിന്‍റെ സംഘാടകനായിരുന്നു ഹാഗിസ്. യുവതിയുടെ പരാതിയും ഹാഗിസിന്‍റെ തുടരെയുള്ള അറസ്‌റ്റും വെളിച്ചത്ത് വന്നതിന് ശേഷം തുടര്‍ന്ന് നടത്തിയ ആര്‍ട് ഫെസ്‌റ്റിവല്‍ ഹാഗിസിന്‍റെ സാന്നിധ്യമില്ലാതെ തന്നെ അരങ്ങേറി. 2013 ജനുവരിയില്‍ ഹാഗിസ് തന്നെ പീഡിപ്പിച്ചുവെന്ന ഫിലിം പബ്ലിസിസ്‌റ്റായ ഹാലി ബ്രീസ്‌റ്റിന്‍റെ പരാതിയെ തുടര്‍ന്ന് അമേരിക്കയില്‍ ഹാഗിസിനെതിരെ മറ്റൊരു കേസ് കൂടി നടക്കുകയാണ്.
2017 ഡിസംബറിനാണ് ബ്രീസ്‌റ്റ് ഹാഗിസിനെതിരെ പരാതി നല്‍കിയത്. കേസിന്‍റെ തുടര്‍നടപടികള്‍ കൊവിഡ് പ്രതിസന്ധി മൂലം വൈകിയിരുന്നു. ബ്രീസ്‌റ്റിന് നേരിടേണ്ടി വന്ന അതിക്രമം ഹാഗിസിന്‍റെ പെരുമാറ്റ രീതിയാണെന്ന് ബ്രീസ്‌റ്റിന്‍റെ അഭിഭാഷകന്‍ തെളിയിക്കാന്‍ ശ്രമിക്കുകയാണ്.