പാലക്കാട് : ചാലിശ്ശേരി സെന്‍ററിന് സമീപത്തെ തട്ടുകടയിൽ നിന്ന് ലഘുഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രം, കൂറ്റനാട്, പെരുമ്പിലാവ്, ചങ്ങരംകുളം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലായാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ ചികിത്സക്കായി പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധക്ക് ഇടയാക്കിയതെന്ന് സംശയിക്കുന്ന തട്ടുകട ആരോഗ്യ വകുപ്പ് അധികൃതർ അടച്ച് പൂട്ടാൻ നിർദ്ദേശം നൽകി.
Also Read: ഓലപ്പുര കത്തിയമർന്നു: രണ്ടര വയസുകാരൻ അത്ഭുകരമായി രക്ഷപ്പെട്ടു
അതേസമയം പ്രസ്തുത തട്ടുകട കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം തല്ലി തകർക്കുകയും തീയിടുകയും ചെയ്തു. കട പൂർണമായി കത്തി നശിച്ചു. ഭക്ഷ്യ വിഷ ബാധയേറ്റ സംഭവത്തിൽ പ്രകോപിതരായ നാട്ടുകാരാണ് തട്ടുകടക്ക് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. ചാലിശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
വ്യാഴാഴ്ചയാണ് ഏതാനും പേർ ശാരീരികാസ്വാസ്ഥ്യങ്ങളോടെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെത്തിയത്. വെള്ളിയാഴ്ച കൂടുതൽ ആളുകൾ ഭക്ഷ്യവിഷബാധ മൂലം ചികിത്സ തേടിയെത്തുകയായിരുന്നു. തെരുവ് കച്ചവടമായതിനാൽ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരിക്കാമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.