കാസർകോട് : സേഫ് ആന്‍റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കെ കാസര്‍കോട്ടെ സമാന സംഭവം പുറത്ത്. ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് പത്തുമാസം കൊണ്ട് എണ്‍പതിനായിരം രൂപ പലിശ നല്‍കാമെന്നറിയിച്ച് ജിബിജി നിധിയെന്ന സ്ഥാപനമാണ് വെട്ടിപ്പ് നടത്തിയത്. വാഗ്‌ദാനം വിശ്വസിച്ച് നിരവധിപ്പേർ പലപ്പോഴായി തുക നിക്ഷേപിച്ചുവെങ്കിലും പലിശയോ മുതലോ തിരികെ കിട്ടാതെ വന്നതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ജിബിജി നിധിയില്‍ ആദ്യകാലങ്ങളില്‍ കാര്യങ്ങൾ ഗംഭീരമായി പോയെങ്കിലും പിന്നീട് പലിശയോ നിക്ഷേപിച്ച തുകയോ തിരികെ കിട്ടാതെ വന്നതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയത്. പണത്തിനായി നിക്ഷേപകർ സ്ഥാപനത്തെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയുമുണ്ടായെന്ന് ഇവർ അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് പുറത്തുവരുന്നത്.
കണ്ണുതള്ളിക്കുന്ന പൊലീസ് നിഗമനം : 5700 നിക്ഷേപകർ തട്ടിപ്പിനിരയായതായാണ് പൊലീസിന്‍റെ പ്രാഥമിക കണ്ടെത്തൽ. എന്നാല്‍ പതിനെട്ടുപേർ മാത്രമാണ് പരാതി നൽകിയിട്ടുള്ളത്. കാസര്‍കോട് കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിബിജി നിധിയെന്ന സ്ഥാപനം കോടികള്‍ തട്ടിയെടുത്തതായാണ് നിക്ഷേപകരുടെ പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാപന ഉടമ വിനോദ് കുമാറിനെതിരെ ബേഡകം പൊലീസ് കേസെടുത്തിട്ടുണ്ട്.
വിശ്വാസത്തിലെടുത്ത് തട്ടിപ്പ് : 2020 നവംബറിൽ ആരംഭിച്ച സ്ഥാപനം ആദ്യകാലങ്ങളിൽ വാഗ്‌ദാനം ചെയ്ത പലിശ കൃത്യമായി നല്‍കിയതോടെ കൂടുതല്‍ പേര്‍ ഇതിലേക്ക് ആകൃഷ്‌ടരായി. കാസർകോടിന് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്നുള്ളവരും ഇവിടെ നിക്ഷേപകരായുണ്ട്. ഇവരില്‍ നിന്നായി നാനൂറ് കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
കമ്പനി ഉടമ വിനോദ് കുമാർ ഇതിനുമുമ്പും സാമ്പത്തിക ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം നേരിട്ടിട്ടുണ്ട്. നേരത്തെ തൃശൂരും കണ്ണൂരും നിക്ഷേപ തട്ടിപ്പുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് കാസർകോട്ടെ സംഭവവും പുറത്തുവന്നത്.