ദുംഗർപൂര്‍ (രാജസ്ഥാന്‍) : സംഭാവന നല്‍കാത്തതിന്‍റെ പേരില്‍ 38 കാരനെ മര്‍ദിച്ച് കൊലപ്പെടുത്തി. ദുംഗർപൂരിലെ അസ്പൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കര്‍വാ ഖാസിലാണ് സംഭവം. 100 രൂപ സംഭാവന നല്‍കാത്തതിന്‍റെ പേരില്‍ നാഥു മീണ(38) യെ യുവാക്കള്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇയാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
മകരസംക്രാന്തി ദിനത്തിലാണ് സംഭവം. ബൈക്കില്‍ പോവുകയായിരുന്ന നാഥു മീണയെ തടഞ്ഞുനിര്‍ത്തി യുവാക്കള്‍ 100 രൂപ സംഭാവനയായി ആവശ്യപ്പെട്ടു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ യുവാക്കള്‍ ഇയാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെ യുവാക്കളില്‍ ഒരാള്‍ വടികൊണ്ട് മീണയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു. തുടര്‍ന്ന് വേദന കൊണ്ട് പുളയുന്ന മീണയെ വഴിയില്‍ ഉപേക്ഷിച്ച് സംഘം അവിടെ നിന്നും ഓടി രക്ഷപ്പെട്ടു.
വിവരമറിഞ്ഞ് തടിച്ചുകൂടിയ ഗ്രാമവാസികള്‍ പരിക്കേറ്റ മീണയെ അസ്പൂരിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലെത്തിച്ചു. എന്നാല്‍ ഡോക്‌ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങി മോര്‍ച്ചറിയിലേക്ക് മാറ്റി. വിവരമറിഞ്ഞെത്തിയ മീണയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പ്രതികളെ പിടികൂടാമെന്നും അവരില്‍ നിന്ന് 20 ലക്ഷം രൂപ നഷ്‌ടപരിഹാരം ലഭ്യമാക്കാമെന്നും പൊലീസ് അറിയിച്ചതോടെയാണ് കുടുംബം പോസ്‌റ്റ്‌മോര്‍ട്ടത്തിന് അനുമതി നല്‍കിയത്.
പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. തൊഴിലാളിയായ മീണയ്‌ക്ക് മൂന്ന് പെണ്‍മക്കളും ഒരു മകനുമാണുള്ളത്.