രൂപ്‌നഗര്‍ (പഞ്ചാബ്) : റോപഡ് ജില്ല ജയില്‍ വളപ്പിലേക്ക് രണ്ട് പന്തുകള്‍ വന്നുവീണപ്പോള്‍ അധികൃതര്‍ക്ക് കൗതുകമായി. എന്നാല്‍ സുരക്ഷ ജീവനക്കാര്‍ എടുത്ത് പരിശോധിച്ചപ്പോഴാണ് പന്തിനകത്ത് ലഹരി വസ്‌തുക്കളാണെന്ന് മനസിലാകുന്നത്. ഇതോടെ പന്തുവന്ന വഴിയിലേയ്ക്കായി പൊലീസിന്‍റെ അന്വേഷണം.
അന്വേഷണത്തില്‍ ലഹരി പറന്നെത്തിയത് ജയിലില്‍ കഴിയുന്ന ഹവാലതി രാജന്‍ സിങ് എന്ന രാജയ്‌ക്കാണെന്ന് പൊലീസ് കണ്ടെത്തി. പുറത്തുള്ള തന്‍റെ കൂട്ടാളികളോട് രാജ ആവശ്യപ്പെട്ടത് പ്രകാരമാണ് ജയിലിലെ ഒന്നാം നമ്പര്‍ ടവറിന് സമീപം രണ്ട് പന്തുകളിലായി ലഹരിമരുന്ന് വന്നുവീണതെന്ന് റോപഡ് ജയില്‍ അസിസ്‌റ്റന്‍റ് സൂപ്രണ്ട് ആഷിഷ് കുമാര്‍ അറിയിച്ചു. ജയില്‍ നിയമം സെക്ഷന്‍ 52 എ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
26,904 പേരെ തടവില്‍ പാര്‍പ്പിക്കാവുന്ന പഞ്ചാബിലെ 25 ജയിലുകളിലായി 30,491 തടവുകാരാണ് നിലവിലുള്ളത്. ഇതില്‍ 81 ശതമാനവും വിചാരണ തടവുകാരാണ്. ഇത്തരത്തില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആളുകളെ പാര്‍പ്പിച്ചിട്ടുള്ള ജയില്‍ റോപഡ് ജില്ല ജയിലാണ്.
473 പേരെ തടവില്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഇവിടെ നിലവില്‍ 976 കുറ്റവാളികളുണ്ട്. സംസ്ഥാനത്തെ ജയിലുകളിലുള്ള 13,013 പേരും ലഹരിമരുന്ന് കേസുകളില്‍ ഉള്‍പ്പെട്ട് ശിക്ഷ അനുഭവിക്കുന്നവരാണ്. 794 സ്‌ത്രീകള്‍ ലഹരിമരുന്ന് കേസുകളിലായി തടവിലുണ്ട്.